വൈപ്പിൻ: പ്രമുഖ മത്സ്യവിപണന കേന്ദ്രമായ മുനമ്പത്ത് മോഷണപരമ്പരകൾ അരങ്ങേറുമ്പോഴും മോഷ്ടാക്കളെ പിടികൂടാൻ മുനമ്പം മേഖലയിലെ സി.സി ടിവി കാമറകൾ പ്രയോജനപ്പെടുന്നില്ല. ഒന്നരവർഷം മുൻപാണ് 25 ലക്ഷത്തോളം രൂപ ചെലവക്കി മുനമ്പം പൊലീസ് മുൻകൈയെടുത്ത് സ്റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ചത്. അന്നത്തെ എസ്.ഐ എ.കെ. സുധീറും പഞ്ചായത്ത് പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകളുമായിരുന്നു ഇതിനായി രംഗത്തിറങ്ങിയത്. 20 ലക്ഷത്തോളം രൂപയാണ് വ്യാപാരികളിൽ നിന്നും വ്യവസായികളിൽ നിന്നുമായി സംഭരിച്ചത്. ലക്ഷങ്ങൾ ചെലവാക്കിയിട്ടും അതിന്റെ പ്രയോജനമൊന്നും നിലവിൽ ആർക്കും ലഭിക്കുന്നില്ലെന്നാണ് വ്യാപാരി വ്യവസായികളുടെ പരാതി.
കഴിഞ്ഞ ആഴ്ചയിൽ ഒരൊറ്റദിവസംമാത്രം അഞ്ച് വീടുകളിലാണ് മോഷണംനടന്നത്. പൂട്ടിക്കിടന്ന വീടുകളിലായിരുന്നു മോഷണം. ആളൊഴിഞ്ഞ വീടുകൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ മോഷ്ടാക്കളിൽ ഒരാളെങ്കിലും നാട്ടുകാരനായിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുള്ള മിക്ക നിരീക്ഷണകാമറകളും പ്രവർത്തിക്കാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമായിരിക്കുകയാണ്. സംഭവ സമയത്തോടനുബന്ധിച്ച് രണ്ട് ബൈക്കുകളിലായി മൂന്നുപേർ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചത് ഒരു സ്വകാര്യ നിരീക്ഷണകാമറയിൽ നിന്നാണ്.
കഴിഞ്ഞദിവസം മുനമ്പത്തുനിന്ന് ഒരുബൈക്ക് ഉടമസ്ഥനില്ലാത്ത നിലയിൽ പൊലീസ് കണ്ടത്തിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് മോഷ്ടിക്കപ്പെട്ട ഈ ബൈക്ക് മുനമ്പത്ത് മോഷണത്തിനായി ഉപയോഗിച്ചതാകാമെന്ന് കരുതുന്നു. ഇതോടൊപ്പം മോഷ്ടാക്കൾ മുനമ്പത്തുനിന്ന് കവർന്ന ബൈക്കും കണ്ടെത്തി. മുനമ്പം പണ്ടികശാലക്കൽ മണിയുടെ വീട്ടിൽ നിന്നാണ് മോഷണം പോയത്.
മോഷണങ്ങൾ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്. നിരീക്ഷണകാമറകളെല്ലാം അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്നാണ് വ്യാപാരി വ്യവസായി സമൂഹവും നാട്ടുകാരും ആവശ്യപ്പെടുന്നത്.