പറവൂർ: ദേശീയപാത 66ന്റെ വികസനത്തിൽ കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായനഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് വ്യാപാരികൾ നാളെ (ബുധൻ) രാവിലെ ഒമ്പതുമുതൽ പറവൂരിലെ സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധിക്കും. അഞ്ചുമുതൽ അമ്പതുലക്ഷംരൂപവരെ മുതൽമുടക്കി സർക്കാരിലേക്ക് വിവിധനികുതികൾ നൽകിയും വൻതുക വാടകകൊടുത്തും കച്ചവടം ചെയ്യുന്നവരെ 75,000രൂപ നഷ്ടപരിഹാരം നൽകി ഇറക്കിവിടാനാണ് ശ്രമിക്കുന്നത്. രേഖകൾ പരിശോധിച്ച് നഷ്ടപ്പെടുന്നതിന്റെ മൂല്യവും ഗുഡ്‌വില്ലും കണക്കാക്കി പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, പുനരധിവാസ ആക് ഷൻകമ്മിറ്റി ചെയർമാൻ ജിമ്മി ചക്യത്ത്, ജനറൽ കൺവീനർ ഷാജഹാൻ, അബ്ദുൽ ഖാദർ, പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി എന്നിവർ പങ്കെടുത്തു.