#ഓപ്പറേഷൻ വാഹിനിയിൽ ചെളിയും പായലും നീക്കൽ മാത്രം
ആലുവ: ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഓഞ്ഞിത്തോട് വൃത്തിയാക്കൽ ആരംഭിച്ചെങ്കിലും കൈയേറ്റം ഒഴിവാക്കാൻ നടപടിയില്ലെന്ന് പരാതി. ഓഞ്ഞിത്തോട് സംരക്ഷണ ജനകീയസമിതിയാണ്
പുതിയ സർവേപ്രകാരം കണ്ടെത്തിയ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഓഞ്ഞിത്തോട് വീണ്ടെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് റീ സർവേ നടന്നത്. തുടർന്ന് പുതിയ സ്‌കെച്ച് രണ്ട് പഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ പായലും ചെളിയും എടുത്തുമാറ്റി കുളം വീണ്ടെടുക്കുന്ന ലാഘവത്തോടെയാണ് തോടിലെ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ചെയ്യുന്നതെന്ന് ജനകീയസമിതി കൺവീനർ പ്രകാശൻ ചൂണ്ടിക്കാട്ടി. കൈയേറിയ പുറമ്പോക്ക് ഭൂമിയും നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതോടൊപ്പം വീണ്ടെടുക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം.
ഓപ്പറേഷൻ വാഹിനിക്ക് മുമ്പായി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ജനകീയസമിതിയെ മാറ്റിനിറുത്തിയതായും ആക്ഷേപമുണ്ട്. സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവാണ് ഓഞ്ഞിത്തോട് സർവേ നടപ്പിലാക്കാൻ കാരണം. എന്നാൽ ജനകീയസമിതിയെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾ സംശയം ജനിപ്പിക്കുന്നതാണെന്നാണ് പരാതി. ഓഞ്ഞിത്തോട് ഒരു തോടല്ലെന്നും അതിനെ പെരിയാറിന്റെ കൈവഴിയായി പരിഗണിച്ച് ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
ഓഞ്ഞിത്തോട് 9.7 കിലോമീറ്റർ നീളത്തിൽ കടുങ്ങല്ലൂർ ഏലൂക്കര ഫെറിയിൽനിന്ന് ആരംഭിച്ച് ആലങ്ങാടുവഴി വരാപ്പുഴ ചൗക്കയിലാണ് അവസാനിക്കുന്നത്. 1957ലെ രേഖകൾപ്രകാരം കടുങ്ങല്ലൂർ പഞ്ചായത്തിൽ 7.5 കിലോമീറ്ററും ആലങ്ങാട് പഞ്ചായത്തിൽ 2.2 കിലോമീറ്ററുമാണ് ദൂരം. നിലവിൽ ഇരുകരകളിലും കൈയേറ്റം ശക്തമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയസമിതി ഹൈക്കോടതിയെ സമീപിച്ചത്.