കിഴക്കമ്പലം: പട്ടിമറ്റം അത്താണിയിൽ രണ്ട് വീടുകളിൽ മോഷണം. അഞ്ചരപ്പവനും അയ്യായിരം രൂപയും കവർന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കും മൂന്നരക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. അത്താണി കളപ്പുരയിൽ നാരായണൻ നായരുടെ വീട്ടിൽനിന്ന് കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുപവനും അയ്യായിരംരൂപയും കവർന്നു. വീടിന്റെ മുൻഭാഗത്തെ വാതിൽ അടക്കാൻ മറന്നതാണ് മോഷ്ടാവിന് വീടിനുള്ളിൽ കയറാൻ സൗകര്യമായത്. തൊട്ടടുത്ത ഞാറ്റിൻകാലയിൽ അസിയുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽതകർത്ത് കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ ഒന്നരപ്പവൻ പാദസരവും കവർന്നിട്ടുണ്ട്. കോൺക്രീറ്റ് ഉപയോഗിച്ച നിർമ്മിച്ച കട്ടിളയിലാണ് വാതിൽ ഘടിപ്പിച്ചിരുന്നത്. ഇത് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. സമീപത്തെ മറ്റ് മൂന്ന് വീടുകളിൽ കയറിയെങ്കിലും കവർച്ച നടന്നില്ല. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.