photo
കണ്ടൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ചെറായി പൊതുശ്മശാന പരിസരത്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. നിർവഹിക്കുന്നു

വൈപ്പിൻ: പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി ജില്ലയിൽ കണ്ടൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്നതിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചെറായി പൊതുശ്മശാന പരിസരത്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. ഹരിതകേരളം മിഷൻ, മഹാത്മ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നീലേശ്വരം ജീവനം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനത്തെമ്പാടും കണ്ടൽ പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും ഗ്രാമീണ കൃഷിശാസ്ത്രജ്ഞനും ജീവനം പദ്ധതിയുടെ ഉപജ്ഞാതാവുമായ കാസർകോട് സ്വദേശി ദിവാകരന്റെ നേതൃത്വത്തിൽ ഒരു ലക്ഷം കണ്ടൽത്തൈകളാണ് നട്ടുവളർത്തുക. പരിസ്ഥിതിയുടെ സംരക്ഷണത്തിനും പോഷണത്തിനും മാത്രമല്ല പ്രകൃതിക്ഷോഭ പ്രതിരോധത്തിനും മത്സ്യവർദ്ധനയ്ക്കും കണ്ടൽ പച്ചത്തുരുത്തുകൾ വഴിയൊരുക്കുമെന്ന് എം.എൽ.എ പറഞ്ഞു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷൻ ജില്ലകോ ഓർഡിനേറ്റർ പി.എസ്. ജയകുമാർ പദ്ധതി അവതരണവും കുസാറ്റ് സിൻഡിക്കേറ്റ് അംഗം കെ.കെ. രഘുരാജ് കണ്ടൽ വിശദീകരണവും നടത്തി. പി.വി. ദിവാകരൻ, നീലേശ്വരം നെയ്തൽ പ്രസിഡന്റ് കെ. പ്രവീൺ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, സി. എച്ച്. അലി, കെ. എഫ്. വിത്സൻ, ആഷദേവദാസ്, പി. എൻ. ദീപ എന്നിവർ പ്രസംഗിച്ചു.