കോതമംഗലം : കുട്ടമ്പുഴ ഞായപ്പിള്ളിയിൽ കളമ്പാട്ട് ജോസ് കുര്യന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊട്ടടുത്ത പള്ളിയിൽ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി എട്ടേമുക്കാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പൂട്ടിയിട്ടിരുന്ന മുൻവശത്തെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിൻവശത്തെ കതക് തുറന്നിട്ടിരിക്കുകയായിരുന്നു. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴുപവനോളം സ്വർണവും 80,000 ത്തോളം രൂപയും കവർച്ച ചെയ്യപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.