വരാപ്പുഴ: പഴയകാർ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയെ കബളിപ്പിച്ച് 87 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിലായി. എറണാകുളം പുക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് കൊട്ടിലിങ്കൽ കെ.കെ. അഷറഫിനെയാണ് (35) വരാപ്പുഴ പൊലീസ് പിടികൂടിയത്.
തിരുമുപ്പം ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന 'ഓട്ടോ ക്രൂ" സ്ഥാപന ഉടമ തൊടുപുഴ സ്വദേശി ആഷിക് അബ്ദുൾ റഹ്‌മാനാണ് കബളിക്കപ്പെട്ടത്. ഒരുവർഷം മുമ്പ് ആഷിക് ഗുരുതര രോഗത്തെതുടർന്ന് ചികിത്സയ്ക്കുപോയ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്. വിൽക്കുന്ന സാധനങ്ങളുടെ വില പണമായും ഓൺലൈനായും ഉപഭോക്താക്കളിൽ നിന്നുവാങ്ങി ഒരുവർഷത്തോളം തട്ടിപ്പ് തുടർന്നു.
സംശയം തോന്നിയ ആഷിക് സ്‌റ്റോക്ക് പരിശോധിച്ചും സ്ഥാപനത്തിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ റിക്കവർ ചെയ്തും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ആറുമാസംമുമ്പ് ലഭിച്ച പരാതിയിൽ സൈബർസെല്ലിന്റെ സഹായത്തോടെ ഇൻസ്‌പെക്ടർ ജെ.എസ്.സുനിൽകുമാർ, എസ്.ഐ. ഹരിപ്രസാദ്, എ.എസ്.ഐ. മനോജ് എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞദിവസമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.