കൊച്ചി: ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മാംസവിപണനത്തിന് വഴിതുറന്ന് കോർപ്പറേഷന്റെ അംഗീകൃത അറവുശാലകൾ അടച്ചുപൂട്ടി. കരാർ കാലാവധി കഴിഞ്ഞതോടെ കലൂർ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന അറവുശാലയാണ് കഴിഞ്ഞദിവസം അടച്ചത്.

മട്ടാഞ്ചേരിയിലെ മരക്കടവിൽ കോർപ്പറേഷന് കീഴിലുണ്ടായിരുന്ന അറവുശാല സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. അധികൃതരുടെ മൗനാനുവാദത്തോടെ മാർക്കറ്റിന്റെ പരിസരപ്രദേശങ്ങളിൽ തന്നെയാണ് ഇപ്പോൾ അറവു നടത്തുന്നത്. ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ നഗരത്തിലും ഇതേ സ്ഥിതിയാകും. ഡോക്ടറുടെ സർട്ടിഫിക്കറ്റില്ലാതെ ഏതു മൃഗത്തെയും കശാപ്പു ചെയ്യാമെന്നാകും. വെറ്ററിനറി ഡോക്ടറുടെ കർശന പരിശോധനയ്ക്ക് ശേഷമാണ് കലൂരിൽ ആടുമാടുകളെ കശാപ്പ് ചെയ്തിരുന്നത്.

കോർപ്പറേഷൻ കരാർ നൽകിയാണ് കലൂരിലെ അറവുശാല പ്രവർത്തിപ്പിച്ചിരുന്നത്. മാർച്ച് 31 ന് കരാർ അവസാനിച്ചു. മലിനീകരണ പ്രശ്നങ്ങൾ മുൻനിർത്തി കോർപ്പറേഷൻ കരാർ പുതുക്കിയില്ല. അനാരോഗ്യകരവും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് കലൂരിൽ കശാപ്പും മാംസവിപണനവും നടന്നിരുന്നത്. അറവുശാല അടച്ചുപൂട്ടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഹൈക്കോടതിയും കർശന വിമർശനം ഉന്നയിച്ചതോടെയാണ് കോർപ്പറേഷന് ഇത് അടച്ചുപൂട്ടേണ്ടി വന്നത് .

 അനക്കമില്ലാതെ മരക്കടവ് പദ്ധതി

മട്ടാഞ്ചേരി മരക്കടവിൽ ആധുനിക അറവുശാല നിർമ്മിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയിട്ടില്ല. കോർപ്പറേഷന്റെ പ്ലാൻ ഫണ്ടിൽനിന്ന് കഴിഞ്ഞ വർഷം 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ശുചിത്വമിഷന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതിക്കായി കല്ലിടാൻ പോലും കഴിഞ്ഞിട്ടില്ല.

40 വർഷത്തോളം മരക്കടവിൽ പ്രവർത്തിച്ചിരുന്ന അറവുശാല വേണ്ടത്ര ശുചിത്വ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ 2007ൽ മലിനീകരണ നിയന്ത്രണബോർഡ് അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ പശ്ചിമകൊച്ചിയിലെ പ്രധാന മാർക്കറ്റുകൾ അറവുശാലയായി മാറി. അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പ് നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നതുമില്ല. പുതിയ അറവുശാല നിർമ്മിക്കുന്നതിന് പത്തു കോടിയോളം ചെലവുവരുമെന്ന് കരുതുന്നു.

 ബദൽ സംവിധാനം ഏർപ്പെടുത്തും

കിഫ്‌ബി ഫണ്ടുപയോഗിച്ച് കലൂരിൽ 14 കോടിയുടെ അറവുശാല നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ ഇതിന്റെ പ്രവൃത്തികൾ ആരംഭിക്കും. അതുവരെ കലൂരിലെ അറവുശാല തുടരും. നിലവിലുള്ള കരാറുകാരന് താത്കാലിക ലൈസൻസ് നൽകാനും ആലോചനയുണ്ട്. അറവുശാലയ്ക്കായി ബദൽ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ടി.കെ. അഷ്‌റഫ്

ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ


 ആരോഗ്യത്തിന് ഭീഷണിയാകും

നോമ്പു കാലമായതിനാൽ മാംസത്തിന് ഏറെ ആവശ്യക്കാരുണ്ട്. ഈസ്റ്ററും പെരുന്നാളും വരാനിരിക്കുന്ന സാഹചര്യത്തിൽ കശാപ്പിനുള്ള സംവിധാനങ്ങൾ എത്രയും വേഗത്തിൽ ഏർപ്പെടുത്തണം. ഇല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് മാംസമെത്തും. ഇത് ആരോഗ്യത്തിന് ഭീഷണിയാണ്.

സി.കെ. പീറ്റർ

മുൻ കൗൺസിലർ