kalo

പത്തനംതിട്ട : എം.ജി സ‌ർവകലാശാല കലോത്സവം അവസാനദിവസം നടന്ന മിമിക്രി മത്സരം ആവർത്തന വിരസതകൊണ്ട് റോയൽ ഒാഡിറ്റോറിയത്തിലെ ജനക്കൂട്ടത്തെ ബോറടിപ്പിച്ചു. പറഞ്ഞു പഴകിയ അനുകരണങ്ങളുമായാണ് മത്സരാർത്ഥികൾ എത്തിയത്. നായ, പൂച്ച, കോഴി, ബിന്ദു പണിക്കർ, എസ്.ജാനകി, എൻ.എൻ.പിള്ള, കേന്ദ്രസർക്കാരിന്റെ കാർഷിക പരസ്യം, ടി.എൻ. ഗോപകുമാർ, ഗോപൻ നായ‌ർ ഇങ്ങനെ പതിവ് ശബ്ദങ്ങൾ ഇത്തവണയും കേട്ടു. 30 മത്സരാ‌ർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഒരാൾ പങ്കെടുത്തില്ല. 29 പേരിൽ രണ്ടുപേർ പെൺകുട്ടികളായിരുന്നു. ഒരാളുപോലും പുതുമയുള്ള ഇനങ്ങൾ അവതരിപ്പിച്ചില്ല. ചിലർ ഡി.ജെ അവതരിപ്പിച്ചത് മാത്രമാണ് കുറച്ചെങ്കിലും വ്യത്യസ്തമായത്. രാവിലെ 9ന് ആരംഭിക്കേണ്ട മത്സരങ്ങൾ 10.30ന് ശേഷമാണ് തുടങ്ങിയത്. മത്സരാർത്ഥികൾ തീരെ കുറവായിരുന്നതിനാൽ മത്സരം ഒരുമണിയോടെ അവസാനിച്ചു. മിമിക്രിയിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് വിധികർത്താക്കളായ സുരേന്ദ്രൻ കല്ലൂർ, സത്യൻ മുദ്ര, എൻ.എസ്.താര എന്നിവർ പറഞ്ഞു. പുതുമ കണ്ടെത്താനുള്ള ശ്രമം പോലും ഉണ്ടായില്ല. സാധാരണ മിമിക്രിയിൽ ഒന്നാംസ്ഥാനത്തിന് അർഹരായ ഇരുപതോളം മത്സരാർത്ഥികൾ ഉണ്ടാകാറുള്ളതാണ്. എന്നാൽ ഇത്തവണ അല്പമെങ്കിലും നിലവാരം പുലർത്തിയത് 4 പേർ മാത്രമാണെന്നും വിധികർത്താക്കൾ പറഞ്ഞു.