കുറുപ്പംപടി: സംസ്ഥാന വ്യാപകമായി പഞ്ചായത്ത് ഓഫീസുകളിൽ പുതിയ സോഫ്റ്റ്‌വെയറായ ഐ.എൽ.ജി.എം.എസ് വിന്യസിക്കുന്നതിന്റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിൽ സേവനങ്ങൾ ഹൈടെക്കായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങൾ ഇനിമുതൽ ലഭ്യമാകുന്നത് വെബ്സൈറ്റിലൂടെയായിരിക്കും. ഇപ്പോൾ നിലവിൽ ജനന,മരണ, വിവാഹ സേവനങ്ങൾ മാത്രമാണ് പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളത്. വരും കാലങ്ങളിൽ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരും. എല്ലാ പഞ്ചായത്തുകളിലും വെബ്സൈറ്റ് മുഖാന്തരമായിരിക്കും പ്രവർത്തിക്കുക. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ സോഫ്റ്റ്‌വെയർ മുഖാന്തരം നടത്തിയ ആദ്യ ട്രാൻസാക്ഷന്റെ രസീത് കൈമാറി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി, അംഗങ്ങളായ ജോയി പൂണേലിൽ, ഫെബിൻ കുരിയാക്കോസ്, പഞ്ചായത്ത് സെക്രട്ടറി ബി.സുധീർ, അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ, ജൂനിയർ സൂപ്രണ്ട് ലാൽ.ടി.കൃഷ്ണ ,ക്ലർക് സ്മിത മുരളി എന്നിവർ പങ്കെടുത്തു.