കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടിയിൽ അഞ്ചുവർഷം നീണ്ടുനിന്ന ചർച്ചകൾക്കുശേഷം 2017 ജനുവരി ഒന്നുമുതൽ 10 വർഷത്തേക്ക് കാലാവധിയുള്ള വേതന കരാറിന്റെ കരട് ഇന്നലെ ഒപ്പുവെച്ചു. അടിസ്ഥാനശമ്പളം, ക്ഷാമബത്ത എന്നിവയിൽ 15 ശതമാനം വർദ്ധനവുണ്ടാകും. ആയിരത്തോളം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. ശമ്പളകുടിശിക 2017 മുതൽ 20 വരെയുള്ളത് കമ്മിറ്റി രൂപീകരിച്ച് ചർച്ചചെയ്തശേഷവും 2020 മുതൽ 21വരെ രാസവളം മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയും നൽകും. 2021 ഏപ്രിൽ മുതലുള്ള കുടിശിക ഉടനെ നൽകും. മറ്റ് അലവൻസുകൾ 6 മാസത്തിനുള്ളിൽ ചർച്ചചെയ്ത് തീരുമാനിക്കും.
വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. ചന്ദ്രൻപിള്ള, എം.എം. ജബ്ബാർ, പി.എസ്. അഷറഫ്, പി.എസ്. സെൻ, ജോർജ് ബാബു, പി.കെ. സത്യൻ, എം.കെ. സുഭാഷണൻ, നന്ദകുമാർ, ടി.എം. സഹീർ, വി.എ. നാസർ, ഷിനിൽവാസ്, സുബ്രഹ്മണ്യൻ, തുളസീധരൻപിള്ള, ടൈറ്റസ്, മാർട്ടിൻ, ഫാക്ട് ജനറൽ മാനേജർ (എച്ച്.ആർ) എ.ആർ. മോഹൻകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ദിലീപ് മോഹൻ, മരിയ വർഗീസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത് ഒപ്പുവച്ചത്.