തൃക്കാക്കര: കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഞ്ച് ദിവസമായി നടന്നുവരുന്ന പുനപ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം ഇന്ന് സമാപിക്കും. തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പുതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജാകർമ്മങ്ങൾ നടന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അഞ്ച് ആനകളുടെ അകമ്പടിയോടെ നടക്കുന്ന പകൽപ്പൂരം നെച്ചിക്കാട്ട് ധർമ്മ ദൈവത്തിങ്കൽ നിന്ന് ആരംഭിച്ച് രാത്രി 8 മണിയോടെ പാട്ടുപുരക്കാവ് ക്ഷേത്രാങ്കണത്തിൽ എത്തും. പൂക്കാവടി,വിളക്ക് നൃത്തം,ശിങ്കാരി മേളം, നിലക്കാവടി, നാഗസ്വരം, പാണ്ടി മേളം, ഭഗവത് രൂപങ്ങൾ, കരകാട്ടം, തെയ്യം തുടങ്ങിയവ പകൽപ്പൂരത്തിന് മറ്റുകൂട്ടും. രാത്രി 6.15ന് ശ്രീജ ശ്യാംകുമാർ, ശരത്ത് സാരംഗി എന്നിവരുടെ നേതൃത്വത്തിൽ വീണ - പുല്ലാംകുഴൽ ഫ്യൂഷൻ, രാത്രി 9ന് നൈറ്റ് ബോർഡ്സ് ഓർക്കസ്ട്രയുടെ ഗാനമേള, കൂട്ട കതിനവെടി, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.