മൂവാറ്റുപുഴ: സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ സ്വകാര്യ ബസ് ജീവനക്കാർ ബസ് സർവ്വീസ് നിറുത്തിവച്ചു. മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ പള്ളിച്ചിറങ്ങര പുത്തൻ വീട്ടിൽ അജിത്ത് കുമാറിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടറായ കല്ലൂർക്കാട് നെല്ലാപ്പിള്ളി അന്തുവിനും മർദ്ദനമേറ്റു.

ഇന്നലെ ഉച്ചക്ക് 12.45 ഓടെ മൂവാറ്റുപുഴ പെരുമറ്റം പള്ളികുറ്റിക്ക് സമീപമാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ പോകുകയായിരുന്ന ഇന്നോവ കാറിനെ ഓവർടേക്ക് ചെയ്തതിനെതുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. ഇന്നോവയെ ബസ് ഓവർടേക്ക് ചെയ്തതോടെ ഇന്നോവയുടെ ഡ്രൈവർ ബസിന് മുന്നിൽ കാർ ഓടിച്ചുകേറ്റി നിർത്തിയ ശേഷം ബസ് ജീവനക്കാരോട് അസഭ്യം പറയുകയായിരുന്നു.

ഇതിനിടെ ബസ് ഡ്രൈവർ പുറത്തിറങ്ങി കാര്യങ്ങൾ തിരക്കുമ്പോഴേക്കും ആറോളം വരുന്ന സംഘം സ്ഥലത്തെത്തുകയും തുടർന്ന് ബസ് യാത്രക്കാരുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ഡ്രൈവർ അജിത് കുമാർ പറഞ്ഞു. വിദ്യാർത്ഥികളടക്കം ബസിലുണ്ടായിരുന്നു. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചാൽ സംഭവത്തിന്റെ നിജസ്ഥിതി മനസിലാകുമെന്നും അജിതികുമാർ പറഞ്ഞു.