തൃപ്പൂണിത്തുറ: വടക്കേക്കോട്ടയിലുള്ള ഒരുഹോട്ടലിന്റെ മൂന്നാംനിലയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ ടാങ്കിൽ പെയിന്റ് ചെയ്യുന്നതിനിടെ ശ്വാസംമുട്ടി അബോധാവസ്ഥയിലായ രണ്ട് പെയിന്റിംഗ് തൊഴിലാളികളെ ഫയർ ആൻഡ് റെസ്ക്യൂടീം രക്ഷപെടുത്തി. ഓഫീസർമാരായ എ.ജി. ജിതിൻ, പ്രവീൺകുമാർ എന്നിവർ സുരക്ഷാഉപകരണങ്ങൾ ധരിച്ച് ഓക്സിജനില്ലാത്ത ടാങ്കിൽ ഇറങ്ങി പെരുമ്പടപ്പ് സ്വദേശികളായ പീറ്റർ, സുജിത്ത് എന്നിവരെ രക്ഷപെടുത്തി വർമ്മ ഹോസ്പിറ്റലിൽ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തറ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.