പറവൂർ: മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ പറവൂർ നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി പഷ്ണിതോടിന്റെ കൈവരിയുടെ ശുചികരണ പ്രവർത്തനം തുടങ്ങി. പെരിയാറിൽ നിന്ന് പഷ്ണിതോട് ആരംഭിക്കുന്ന ഭാഗം മുതൽ പള്ളിത്താഴം വരെയും സ്വാകര്യ ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള കച്ചേരിതോടുമാണ് ഒന്നാംഘട്ടത്തിൽ ശുചീകരിക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പെരിയാറിന്റെ കൈവരിയിലെ എക്കലും മാലിന്യങ്ങളും നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതാണ് പദ്ധതി. രണ്ടാംഘട്ടത്തിൽ നഗരസഭ പരിധിയിലെ പഷ്ണിതോടിന്റെ ബാക്കി ഭാഗങ്ങൾ ശുചീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവ്വഹിച്ചു. വൈസ് ചെയ്ർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന ശശിധരൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, കൗൺസിലർമാരായ ജഹാൻഗീർ തോപ്പിൽ, ഗീത ബാബു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.ജി. ജോ‌‌‌ർഡി എന്നിവർ പങ്കെടുത്തു.