1
ഗായകൻ അഫ്സലിനൊപ്പം അബ്ദുള്ള മട്ടാഞ്ചേരി

മട്ടാഞ്ചേരി: സംഗീതചക്രവർത്തിയും ശുദ്ധസംഗീതത്തിന്റെ തേൻപുരട്ടിയ ഈണങ്ങളുമായി മലയാളികളുടെ മനസിൽ കുടിയേറിയ സംഗീത സംവിധായകൻ എം.കെ. അർജ്ജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയാകുന്നു. അദ്ദേഹം അവസാനമായി സംഗീതം നൽകിയ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നത് സംഗീതാസ്വാദകരുടെ നൊമ്പരമായി അവശേഷിക്കുന്നു.

2019ൽ പ്രളയവേളയിൽ കേരളം ഒരേ മനസോടെ നിന്നതിനെ ആസ്പദമാക്കി ഒന്നായവർ എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ആൽബത്തിലെ ഗാനത്തിനാണ് മാസ്റ്റർ അവസാനമായി സംഗീതം നൽകിയത്. തന്റെ ഈ ഗാനത്തിന് മാസ്റ്റർ തന്നെ ഈണം നൽകണമെന്ന ഗാനരചയിതാവ് അബ്ദുള്ള മട്ടാഞ്ചേരിയുടെ ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുകയായിരുന്നെങ്കിലും അദ്ദേഹം ഈണം നൽകുകയുമായിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അഫ്സലാണ് ഒന്നായവർ നമ്മൾ ഒന്നായവർ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. നടൻ മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജ് വഴി ഗാനം റിലീസ് ചെയ്യണമെന്ന ആഗ്രഹവുമായി കാത്തിരിക്കുമ്പോഴാണ് മാസ്റ്ററുടെ വിടവാങ്ങൽ. അർജ്ജുനൻ മാസ്റ്റർ അവസാനമായി ചിട്ടപ്പെടുത്തിയ ഗാനം വൈകാതെ പ്രകാശനം ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അബ്ദുള്ള മട്ടാഞ്ചേരി.