ആലുവ: എല്ലാത്തിനും ജാതിയും മതവും നോക്കുന്നവർക്ക് മുമ്പിൽ മതേതരത്വത്തിന്റെ പുണ്യഭൂമിയാകുകയാണ് കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രം. ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പകൽപ്പൂരത്തിൽ ഭുവനേശ്വരി ദേവിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത് ജൗഷൽ ബാബു എന്ന ഇസ്ളാംമത വിശ്വാസിയുടെ നേതൃത്വത്തിലുള്ള താളമേളത്തിന്റെ അകമ്പടിയോടെയാണ്. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ആയിരക്കണക്കിന് ഭക്തർക്ക് ആറാട്ട് സദ്യയൊരുക്കുന്നത് സമീപവാസിയായ കുര്യച്ചൻ എന്ന ക്രൈസ്തവ വിശ്വാസിയുടെ നേതൃത്വത്തിലും.

ക്ഷേത്രം മതേതര ഭൂമിയാണെന്ന ക്ഷേത്ര കമ്മിറ്റിയുടെ നിലപാടാണ് ഇതിനെല്ലാം അവസരമൊരുക്കിയത്. പള്ളുരുത്തി വെളി കാരയിൽ വീട്ടിൽ ജൗഷൽ ബാബു എന്ന 42കാരൻ പത്താം വയസിൽ പള്ളൂരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ നിന്നാണ് ചെണ്ടമേളത്തിന് തുടക്കമിട്ടത്. ക്ഷേത്രത്തിലെ മേളക്കാരനായിരുന്ന ഞാറക്കൽ ഉണ്ണി ദയാന്ദന്റെ ശിക്ഷ്യനായിരുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങളിൽ ആശാനൊപ്പം ജൗഷലും പങ്കാളിയായി. കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ 2008 വരെ തുടർച്ചയായി 12 വർഷത്തോളം പങ്കെടുത്തു. അതേവർഷം ഡിസംബറിൽ ആശാൻ മരണപ്പെട്ടതോടെ ജൗഷലിന്റെ നേതൃത്വത്തിൽ ഉണ്ണി ദയാന്ദൻ സ്മാരക വാദ്യകലാ നിലയം ആരംഭിച്ചു. പിന്നീട് ഇപ്പോഴാണ് ജൗഷലിന് വീണ്ടും ഇവിടെ മേളത്തിനെത്തിയത്.

ഇന്നലെ നടന്ന പകൽപ്പൂരത്തിൽ 25 ഓളം പേരാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്. ജൗഷലിന്റെ പഞ്ചവാദ്യ സംഘവുമുണ്ടായി. 500 ഓളം ശിക്ഷ്യന്മാർ ഇപ്പോൾ ജൗഷൽ ബാബുവിനുണ്ട്. പള്ളൂരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ അടിയന്തരക്കാരനും ജൗഷൽ ബാബുവാണ്. വിദ്യാർത്ഥിയായിരിക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മേളത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ക്ഷേത്രോത്സവത്തിന് വർഷങ്ങളായി ആറാട്ട് സദ്യയൊരുക്കാനുള്ള നിയോഗം കുര്യച്ചനാണ്. കലാപരിപാടികളും ആഘോഷങ്ങളും ചുരുക്കിയാണ് ഇക്കുറി ഉത്സവം നടത്തുന്നത്. ഉത്സവ വരുമാനത്തിലൂടെ ക്ഷേത്രത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി വി. സന്തോഷ്, ട്രഷറർ രാജേഷ്‌കുമാർ എന്നിവർ അറിയിച്ചു.