#കള്ളക്കേസിൽ ജയിലിലാക്കിയതിന് 2.5 ലക്ഷം വീതം നഷ്ടപരിഹാരം

കൊച്ചി: ശത്രുതയുള്ള ആരെയും ഒരു കുപ്പിയും അല്പം വ്യാജമദ്യവും ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് അബ്‌കാരി കേസിൽ പ്രതിയാക്കാമെന്ന് ഹൈക്കോടതി. കഴിഞ്ഞ അഞ്ചു വർഷത്തെ അബ്‌കാരി കേസുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണവും അറസ്റ്റും ഒരാളെ നിയോഗിച്ച് സർക്കാർ അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കള്ളക്കേസിൽ ജയിലിലടച്ച കൊല്ലം അയിലറ അഴത്തിൽ പുത്തൻ വീട്ടിൽ എ.ബി. അനിൽ കുമാർ, കരുനാഗപ്പള്ളി കുറ്റിത്തറയിൽ ആർ. പ്രകാശ് എന്നിവർക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നിർദ്ദേശിച്ചു.തുക കുറ്റക്കാരായ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം.

നഷ്ടപരിഹാരം തേടി നൽകിയ ഹർജികളിലാണ് നടപടി. നിർദ്ദേശങ്ങളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ആറു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണം. എക്സൈസിന്റെ അന്വേഷണ രീതി സർക്കാർ വിശദമായി പരിശോധിക്കണം. ആവശ്യമെങ്കിൽ അബ്‌കാരി നിയമത്തിൽ ഭേദഗതി വരുത്തണം.

നാലു ലിറ്റർ വ്യാജച്ചാരായം കൈവശം വച്ചെന്നാരോപിച്ച് 2006 ഫെബ്രുവരി 25നാണ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. 76 ദിവസം ജയിലിൽ കിടന്നു. വിക്രമൻ നായരെന്ന എക്സൈസ് ഉദ്യോഗസ്ഥൻ വൈരാഗ്യം മൂലം കെട്ടിച്ചമച്ച കേസാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന ഭൂമിക്കു സമീപം വ്യാജവാറ്റു നടത്തിയിരുന്ന സുദർശനെതിരെ പരാതി നൽകിയതാണ് അനിൽകുമാറിന് വിനയായത്. സുദർശനുമായി ചേർന്ന് എക്സൈസ് സംഘം അനിൽകുമാറിനെ മർദ്ദിച്ചു. വ്യാജച്ചാരായ കേസിൽ കുടുക്കി 2004 ജൂൺ 18ന് അറസ്റ്റ് ചെയ്തു. 55 ദിവസമാണ് ജയിലിൽ കിടന്നത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ കെട്ടിച്ചമച്ച കേസാണെന്ന് കണ്ടെത്തി.

#എല്ലാ കേസിലും
ഒരേ തിരക്കഥ

എല്ലാ അബ്‌കാരി കേസിലും ഒരേ തിരക്കഥയാണെന്ന് ഹൈക്കോടതി പറഞ്ഞു. എക്സൈസ് പാർട്ടി ജീപ്പിൽ വരുമ്പോൾ വഴിയിൽ ഒരാൾ കന്നാസുമായി വരുന്നു. അയാൾ പരുങ്ങുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നു. സംശയം തോന്നി പിടികൂടുന്നു. ചോദ്യം ചെയ്ത് വ്യാജച്ചാരായം പിടികൂടുന്നു. ഇതു കൊണ്ടാണ് അഞ്ചു വർഷത്തെ നടപടികൾ അന്വേഷിക്കാൻ ഉത്തരവിട്ടത്.

കഴിഞ്ഞവർഷം

19,900 കേസുകൾ

(വർഷം, അബ്കാരി, മയക്കുമരുന്ന് ക്രമത്തിൽ)

2017.......21,372.....5946

2018......10,634.....7573

2019......13,763.....7099

2020......15,860......3667

2021......19,934......3922