
ആലുവ: ശക്തമായ കാറ്റിലും മഴയിലും ആലുവ, അങ്കമാലി, വൈപ്പിൻ, നെടുമ്പാശേരി മേഖലയിൽ വ്യാപക കൃഷിനാശം. ആലുവ മേഖലകളിൽ പെയ്ത കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ മരം മറിഞ്ഞ് നാശമുണ്ടായി. തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്ര ഓഫീസിനു മുകളിലേക്ക് തെങ്ങ് വീണു. ജീവനക്കാരും ഭക്തജനങ്ങളും ഈ സമയം ക്ഷേത്രത്തിൽ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആലുവയിൽ മഴ അര മണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ ശക്തമായ കാറ്റുണ്ടായിരുന്നു. ദേശീയപാതയിൽ കരിയാട് വളവിൽ റോഡിന് കുറുകെ മരം മറിഞ്ഞു. വിവിധ ഭാഗങ്ങളിൽ മരം മറിഞ്ഞതിനെ തുടർന്ന് അങ്കമാലി ഫയർ ആൻഡ് റെസ്ക്യു ടീം തിരക്കിലായതിനാൽ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് മരത്തിന്റെ ശിഖിരങ്ങൾ മുറിച്ചുനീക്കി ഗതാഗതത്തിന് സൗകര്യമൊരുക്കി. നെടുമ്പാശേരി പൊലീസും മരം മുറിച്ചുമാറ്റാൻ നേതൃത്വം നൽകി.
ദേശം പറമ്പയം ഭാഗത്ത് ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് സമീപത്തെ ജെ.സി.ബി സെയിൽസ് സെന്ററിലേക്ക് മറിഞ്ഞുവീണു. ശക്തമായ കാറ്റിൽ ബോർഡിൽ ഉണ്ടായിരുന്ന ഫ്ളക്സ് പറന്നുപോകുകയും ഇരുമ്പ് പട്ടയിൽ നിർമ്മിച്ച ചട്ടകൂട് കെട്ടിടത്തിലേക്ക് മറിയുകയുമായിരുന്നു. നെടുമ്പാശേരി മേഖലയിൽ വാപ്പാലശേരി, പുളിയനം, അകപ്പറമ്പ് മേഖലകളിലും മരം മറിഞ്ഞ് നാശനഷ്ടമുണ്ടായി.
കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരി കുന്നത്ത് ഷംസുദ്ദീന്റെ പറമ്പിൽ പൊയ്ക്കാട്ടുശ്ശേരി സ്വദേശി സുകുമാരൻ കൃഷി ചെയ്തിരുന്ന ആയിരത്തോളം ഏത്ത വാഴകൾ ഒടിഞ്ഞു വീണു. ബാങ്കിൽ നിന്നും വായ്പയെടുത്താണ് സുകുമാരൻ വാഴ കൃഷി ചെയ്തിരുന്നത്. കണ്ടകത്ത് ബഷീറിന്റെ പറമ്പിലെ ജാതി, പ്ലാവ് തുടങ്ങിയ മരങ്ങൾ കാറ്റിൽ കടപുഴകി വീണിട്ടുണ്ട്. പ്ലാവ് വീടിന് മുകളിലേയ്ക്കാണ് വീണത്. പനയക്കടവ്, പൊയ്ക്കാട്ടുശ്ശേരി പ്രദേശങ്ങളിലും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേയ്ക്കാട് തേൻകുളം ലെയിനിൽ സി.വൈ. വർഗീസിന്റെ കായ്ച്ചു നിന്നിരുന്ന നാല് ജാതി മരങ്ങൾ വീടിന് മുകളിലേയ്ക്ക് വീണു. പറമ്പിലെ നൂറോളം ഏത്തവാഴകളും ഒടിഞ്ഞു വീണു. ചമ്പന്നൂർ കവയ്ക്ക് സമീപം നിരവധി റബർ മരങ്ങൾ കടപുഴകി വീണു. കുന്നുകര ജംങ്ഷനിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രം ഭാഗികമായി തകർന്നു. ബസ് കാത്ത് നിന്ന സ്ത്രീകൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വയൽക്കര, തെക്കെ അടുവാശ്ശേരി, ചുങ്കം, കുറ്റിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങൾ മറിഞ്ഞു വീണതിനെ തുകർന്ന് പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
 കാറ്റിൽ വെളിയത്തുനാട്ടിൽ
കനത്ത നാശം
ആലങ്ങാട്: പെരിയാർ തീരത്ത് ആഞ്ഞടിച്ച കാറ്റിൽ കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. വെളിയത്തുനാട്ടിൽ ആയിരക്കണക്കിന് ഏത്തവാഴകൾ ഒടിഞ്ഞു വീണു. വൻ മരങ്ങൾ കടപുഴകി. തടിക്കക്കടവ് മുതൽ പറേലിപ്പള്ളം വരെയുള്ള പ്രദേശങ്ങളിലാണ് കൃഷി നാശം. വിഷു വിപണി ലക്ഷ്യമിട്ടു വളർത്തിയ കുലച്ച ഏത്തവാഴകളാണ് ഒടിഞ്ഞു വീണത്. അടുവാതുരുത്ത് അജി, രാജപ്പൻ അകത്തൂട്ട്പറമ്പ്, തടിക്കക്കടര്, ജയൻ മുളവത്ത്, കുഞ്ഞമ്മു, അലി, വയലോടം ചെറയ്ക്കൽ രവി, പറേലിപ്പള്ളത്ത് അഞ്ചുപറ അശോകൻ, ആലുങ്കൽ പറമ്പ് രാജേഷ്, ചിയ്ക്കൽ സക്കീർ, അഷറഫ്, മരങ്ങാട്ട് ഔറംഗസേബ് തുടങ്ങി വ്യാപകമായി വാഴകൃഷി ചെയ്തിരുന്നവർക്കെല്ലാം കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. തടിക്കക്കടവ് യു.സി കോളേജ് റോഡിരികിൽ ആറ്റിപ്പുഴക്കാവ് ക്ഷേത്രത്തിനു സമീപം വാകമരം കടപുഴകി. റോഡിന് എതിർവശത്തെ പാടശേഖരത്തിലേക്ക് മറിഞ്ഞതിനാൽ അപായം ഒഴിവായി. തടിക്കക്കടവ് സൊസൈറ്റിക്കു പിന്നിലും മരം കടപുഴകി വീണു. രവി നമ്പൂതിരി റോഡിൽ അടയ്ക്കമരം വൈദ്യുത ലൈനിൽ വീണ് പോസ്റ്റുകൾ ഒടിഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ജിൽഷ തങ്കപ്പൻ, കെ.എസ്. മോഹൻകുമാർ, വെളിയത്തുനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ആർ. സുനിൽകുമാർ എന്നിവർ കൃഷിനാശമേഖലകൾ സന്ദർശിച്ചു. ചെറായിയിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണു വൈപ്പിൻ: ഇന്നലെ വൈകീട്ട് നാലിന് ശേഷം ആഞ്ഞു വീശിയ കാറ്റിൽ ചെറായി ബേക്കറി പരിസരത്തും പടിഞ്ഞാറ് ഭാഗത്തും ബീച്ചിലും നാശനഷ്ടങ്ങളുണ്ടായി. ബേക്കറി വെസ്റ്റ് റോഡിൽ അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ഈ ഭാഗത്ത് മരങ്ങളും തെങ്ങുകളും മറ്റും ഒടിഞ്ഞു വീണു. ഇതോടെ ചെറായി വടക്കേ ഭാഗത്ത് വൈദ്യുതി നിലച്ചു. ചെറായി പൊയ്‌ലിൽ അഞ്ച് ചീനവലകളും തകർന്നു. പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണനും കെ.എസ്.ഇ. ബി ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി.കുഴുപ്പിള്ളി ചെറുവൈപ്പ് ക്ഷേത്രത്തിന് മുൻവശം തെങ്ങ് ഇലക്ട്രിസിറ്റി ലൈനിൽ വീണു.
അങ്കമാലിയിൽ
വ്യാപകമായ നാശനഷ്ടം
അങ്കമാലി : ശക്തമായ മഴയിലും കാറ്റിലും അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയുണ്ടായ മഴയെ തുടർന്ന് വീശിയ കാറ്റിൽ പ്രദേശത്ത് വിവിധയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പാറക്കടവ് പഞ്ചായത്തിലെ കോടുശ്ശേരി വട്ടപ്പറമ്പ് പുളിയനം മേഖലയിലും അങ്കമാലി നഗരസഭയിലെ പിച്ചാനിക്കാട്, ചമ്പന്നൂർ, ടെൽക്ക്, എരപ്പോട്, വി.ഐ.പി റോഡ്, ദീപ്തി ,റയിൽ സ്റ്റേഷൻ ജംഗ്ഷൻ ബസലിക്ക നഗർ എന്നിവിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. 200 ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നൂറിലേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നൂറു കണക്കിന് മരങ്ങൾ കടപുഴകി മറിഞ്ഞു.
ദേശീയ പാതയിൽ ടെൽക്കിന് സമീപം ഓടി കൊണ്ടിരുന്ന മാരുതി, സ്വിഫ്റ്റ് കാറുകൾക്ക് മുകളിലേക്ക് തേക്ക് മരം കടപ്പുഴകി വീണ് അപകടമുണ്ടായെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിറുത്തിയിട്ട കാറിന് മുകളിലേക്ക് ബോർഡും ഫ്രയിമും വീണ് നാശം സംഭവിച്ചു. അങ്കമാലി സെന്റ് ജോസഫ് സ്കൂളിന് സമീപം വലിയ ബോർഡുകൾ നിലം പൊത്തി. വൈദ്യുത പോസ്റ്റുകൽ മറിഞ്ഞു വീണ് വൈദ്യുതബന്ധവും താറുമാറായി. ഗതാഗതം തടസപ്പെട്ടു.
കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തിയാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. വ്യാപകമായി മരങ്ങൾ കടപ്പുഴകിയും ഒടിഞ്ഞുവീണും കിടക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാനും മരങ്ങൾ നീക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.