പെരുമ്പാവൂർ: കോടനാട് കുറിച്ചിലക്കോട് സ്വദേശി സതീശന്റെ കുടുംബത്തിന് കോടനാട് പൊലീസിന്റെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകി. അമ്മയും, ഭാര്യയും, രണ്ട് പെൺമക്കളും അടങ്ങുന്ന സതീശന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. സ്വപ്നം ബാക്കിയാക്കി കഴിഞ്ഞ ഒക്ടോബറിൽ സതീശൻ അസുഖം ബാധിച്ച് മരിച്ചതോടെ എസ്.എച്ച്.ഒ സജി മാർക്കോസ് കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ മുമ്പോട്ടു വരികയായിരുന്നു. കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിനെ ധരിപ്പിച്ചതോടെ എസ്.പി സകല പിന്തുണയും നൽകി.
700 ചതുരശ്ര അടിയിൽ രണ്ട് മുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. താക്കോൽ കൈമാറൽ ചടങ്ങിൽ എസ്.എച്ച്.ഒ സജി മാർക്കോസ്, എ.എസ്.പി അനൂജ് പലിവാൽ തുടങ്ങിയവർ പങ്കെടുത്തു.