കൊച്ചി: കർഷകനെ ദൈവമായി കാണണമെന്നും കൃഷിഭവനിലെത്തി സഹായമഭ്യർത്ഥിക്കുന്ന കർഷകരെ തിരസ്‌കരിക്കരുതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. അവർക്ക് വേണ്ട സഹായം ഏതുവിധേനയും നൽകണമെന്നും കർഷകന് സമൂഹത്തിൽ അന്തസോടെ ജീവിക്കാൻ എല്ലാവരും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേയ്ക്ക്' പ്രചാരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ കൃഷിവകുപ്പ്, മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്കായി
എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന കാമ്പയിനിന്റെ പ്രധാനലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെ തടയാൻ വിഷരഹിതമായ പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണം. 'എന്റെ കൃഷിയിടം, എന്റെ വിപണി' എന്ന രീതിയിൽ ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള വിപണി മികച്ച ആശയമാണ്. ഇതുവഴി ഒരുലക്ഷത്തിലധികം തൊഴിൽ സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയി അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് ആമുഖ പ്രഭാഷണം നടത്തി.