കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ ഡോക്ടർ നൽകിയ കേസിൽ പത്തുവർഷത്തിനുശേഷം പ്രതിക്ക് മൂന്നുവർഷത്തെ തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടർ നൽകിയ പരാതിയിൽ ചങ്ങനാശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ് എറണാകുളം സെഷൻസ് കോടതി കോടതി ശിക്ഷവിധിച്ചത്.

2011-12 കാലയളവിൽ വിവാഹവാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതിയുമായി പ്രണയത്തിലായശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താൻ നിശ്ചയിച്ചെന്നും പിന്നീട് പ്രതി വിവാഹത്തിൽനിന്ന് പിൻമാറിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ചങ്ങനാശേരി പൊലീസ് രജിസ്റ്റർചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വോഷിച്ചത്. പിന്നീട് യുവതിയുടെ ആവശ്യപ്രകാരം എറണാകുളത്തേക്ക് കേസ് മാറ്റുകയായിരുന്നു. ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് യുവതി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.