കൊച്ചി: പുളിന്താനം സെന്റ് ജോൺസ് പള്ളിക്കേസിൽ ഓർത്തഡോക്‌സ് വിഭാഗം മൂവാറ്റുപുഴ സബ് കോടതിയിൽ സമർപ്പിച്ച 1934ലെ സഭാ ഭരണഘടന വ്യാജമാണെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ഒന്നും രണ്ടും പ്രതികളും മൂവാറ്റുപുഴ സ്വദേശികളുമായ എം.എസ്. പൗലോസ്, കെ.സി. ഐപ്പ് എന്നിവർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വിധിപറഞ്ഞത്. പ്രതികൾ വ്യാജമായ ഭരണഘടനയാണ് ഹാജരാക്കിയതന്നാരോപിച്ച് യാക്കോബായ സഭാംഗം മിഖായേൽ റമ്പാൻ മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരുന്നു. തുടർന്ന് കോടതി നിർദ്ദേശിച്ചതനുസരിച്ച് പൊലീസ് കേസെടുക്കുകയുമായിരുന്നു.
എറണാകുളം ജില്ലാ കോടതിയിലെ കേസ് രേഖയിൽനിന്നുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് ഹാജരാക്കിയതെന്നും രേഖകൾ ഉണ്ടാക്കിയത് ഹർജിക്കാരല്ലെന്നും ഹൈക്കോടതി വിലയിരുത്തി. വ്യാജരേഖ ചമച്ചെന്നകുറ്റം നിൽക്കില്ല.
ഇതേരൂപത്തിലുള്ള 1934ലെ ഭരണഘടനയുടെ സാധുത സുപ്രീംകോടതി അംഗീകരിക്കുകയും മലങ്കര സഭയിലെ പള്ളികൾ അതുപ്രകാരം ഭരിക്കപ്പെടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ വ്യാജമെന്ന വാദം ഉന്നയിക്കാനാവില്ല. തിരിമറി കാട്ടിയെന്ന ആരോപണം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന ആരോപണങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നൽകിയിട്ടുണ്ട്. സുപ്രീംകോടതിയുടെ പരാമർശങ്ങളെത്തുടർന്ന് പലകേസുകളിലും അന്വേഷണം അവസാനിപ്പിച്ചു. വീണ്ടും അതേ ആരോപണങ്ങൾ ഉന്നയിക്കുന്നത് അനാവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയത്.