മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ കരിഞ്ചന്തയിൽ മറിച്ച് വിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പൊലീസ് പിടികൂടിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. എ.ആർ.ഡി 44-ാം നമ്പർ റേഷൻകടയിലെ സെയിൽസ്‌മാൻ തുരുത്തി സ്വദേശി സുനിൽബാബു (46), ഇയാളുടെ സഹായികളായ കൽവത്തി പാതിയാശേരി വീട്ടിൽ ഷുഹൈബ് (30), ചിരട്ടപ്പാലം കളത്തിപറമ്പിൽ വീട്ടിൽ രാകേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.
ചുള്ളിക്കൽ പി.സി. അഗസ്റ്റിൻ റോഡിലെ സംഭരണകേന്ദ്രത്തിൽനിന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് മട്ടാഞ്ചേരി അസി.കമ്മീഷ്‌ണർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി എസ്.ഐ ജോർജിന്റെ നേതൃത്വത്തിലാണ് റേഷൻധാന്യങ്ങൾ പിടിച്ചെടുത്തത്. 74 ചാക്ക് കുത്തരി,11 ചാക്ക് ഗോതമ്പ്,19 ചാക്ക് പുഴുക്കലരി എന്നിവയാണ് പിടിച്ചെടുത്തത്. സിവിൽസപ്ളൈസിന്റെ ചാക്കിൽനിന്ന് പൊതുവിപണിയിൽ വിൽക്കുന്ന ചാക്കിലേക്ക് മാറ്റിയാണ് കടത്താൻ ശ്രമിച്ചത്. സിവിൽ സപ്ളൈസിന്റെ ചാക്ക് സംഭരണകേന്ദ്രത്തിൽനിന്ന് കണ്ടെടുത്തു. ചാക്കിലേക്ക് റേഷൻധാന്യങ്ങൾ പകർത്തുന്നതിനുള്ള മെഷീനും പിടിച്ചെടുത്തു. കൽവത്തിയിൽ എ.ആർ.ഡി 44-ാംനമ്പർ റേഷൻകടയുടെ സെയിൽസ്‌മാനാണ് സംഭരണകേന്ദ്രം നടത്തുന്നതെന്നതിനാൽ ഈ കടയിലും റേഷനിംഗ് അധികൃതരും പൊലീസും പരിശോധന നടത്തി. കടയിൽ അധിക സ്റ്റോക്കുണ്ടെന്ന് കണ്ടെത്തി. 2928 കിലോ കുത്തരി, 496 കിലോ ഗോതമ്പ്, 904 കിലോ പുഴുക്കലരി എന്നിവയാണ് ഇവിടെ അധികമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് കടയുടെ ലൈസൻസ് താത്കാലികമായി ഭക്ഷ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കെ.എം. ഉസ്മാൻ എന്നയാളുടെ പേരിലാണ് ലൈസൻസെങ്കിലും സെയിൽസ്‌മാനായ സുനിൽ ബാബുവാണ് ഇത് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഇയാൾ മറ്റ് ചില ലൈസൻസികളുടെ കടകൾകൂടി നടത്തുന്നുണ്ടെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് സിവിൽ സപ്ളൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് കൊച്ചി സിറ്റി റേഷനിംഗ് ഓഫിസ് പരിധിയിലെ റേഷൻകടകളിൽ പരിശോധന നടത്തി. പെരുമ്പാവൂർ, പറവൂർ, കണയന്നൂർ താലൂക്ക് സപ്ളൈ ഓഫീസർമാരുടേയും എറണാകുളം സിറ്റി റേഷനിംഗ് ഓഫീസറുടേയും നേതൃത്വത്തിലായിരുന്നു പരിശോധന.