കൊച്ചി: തേവര വെണ്ടുരുത്തി പാലത്തിൽനിന്നുള്ള രാത്രിക്കാഴ്ച കാണാനിറങ്ങിയ യുവാവിനെ ബിയർകുപ്പിക്ക് അടിച്ചു പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. ചേരാനെല്ലൂർ കുന്നുംപുറം പി.എസ്.എസ് റോഡിൽ പടിപ്പുരയ്ക്കൽ വീട്ടിൽ ജിതീഷ് ജയനാണ് പിടിയിലായത്. തൃശൂർ കുന്നംകുളം സ്വദേശി വിഷ്ണുവിനാണ് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് മടങ്ങി.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രി ഈ വഴിപോകുകയായിരുന്ന വിഷ്ണുവും സുഹൃത്തുക്കളും പാലത്തിൽനിന്നുള്ള കാഴ്ചകാണാൻ വാഹനംനിറുത്തി ഇറങ്ങി. ഈസമയം ചൂണ്ടയിടുന്നതിന്റെ മറവിൽ മദ്യപിക്കുകയായിരുന്നു ജീതിഷും കൂട്ടുകാരുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വിഷ്ണുവിന്റെ സുഹൃത്തുമായി ജിതീഷ് വാക്കുതർക്കത്തിലായി. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജിതീഷ് വിഷ്ണുവിന്റെ തലയ്ക്ക് ബിയർകുപ്പിക്ക് അടിക്കുകയായിരുന്നു.
എറണാകുളം സൗത്ത് പൊലീസിൽ യുവാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ജിതീഷ് അറസ്റ്റിലായത്. കേബിളിന്റെയും മറ്റും ജോലി ചെയ്തുവരികയാണ് പ്രതി. ഇയാളുടെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കി.