കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി - 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), സി.പി.എം പ്രവർത്തകരായ ചേലക്കുളം പറാട്ട് വീട്ടിൽ സൈനുദ്ദീൻ (27), നെടുങ്ങാടൻ വീട്ടിൽ ബഷീർ (38), വില്യപറമ്പിൽ അസീസ് (45) എന്നിവർക്കെതിരെ കുന്നത്തുനാട് പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകി.

കുന്നത്തുനാട് എം.എൽ.എയ്‌ക്കെതിരായ വിളക്കണയ്‌ക്കൽ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഫെബ്രുവരി 12നാണ് ചേലക്കുളം കാവുങ്ങപ്പറമ്പ് ചായാട്ട് ഞാലിൽ വീട്ടിൽ കുഞ്ഞാറുവിന്റെ മകൻ ദീപു (38) ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഫെബ്രുവരി 16ന് മരിച്ചു.

ഫെബ്രുവരി 12ന് വൈകിട്ട് ഏഴു മണിയോടെ പാറപ്പുറം കോളനി ഭാഗത്തു വച്ചാണ് അക്രമമുണ്ടായത്. ഒന്നാം പ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും താഴെ വീണ ദീപുവിനെ രണ്ടും മൂന്നും നാലും പ്രതികളായ അബ്ദുൾ റഹ്മാൻ, ബഷീർ, അസീസ് എന്നിവർ ചേർന്ന് ചവിട്ടി ദേഹോപദ്രവം ഏല്പിച്ചു കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ദീപു പട്ടികജാതിക്കാരനായതിനാൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുറ്റപത്രത്തിലെ കുറ്റവും ശിക്ഷയും

ഐ.പി.സി 302 - കൊലപാതകക്കുറ്റം: ജീവപര്യന്തം തടവുശിക്ഷയോ വധശിക്ഷയോ

ഐ.പി.സി 323 - മനപ്പൂർവം ആക്രമിച്ചു പരിക്കേല്പിക്കൽ: ഒരു വർഷം വരെ തടവും പിഴയും

ഐ.പി.സി 341 - അന്യായമായി തടഞ്ഞുവയ്ക്കൽ: ഒരു മാസം വരെ തടവും പിഴയും

ഐ.പി.സി 294 (ബി) - പൊതുസ്ഥലത്ത് അസഭ്യം പറയൽ: മൂന്നു മാസം വരെ തടവും പിഴയും

ഐ.പി.സി 506 - ഭീഷണിപ്പെടുത്തൽ: രണ്ടു വർഷം വരെ തടവും പിഴയും

ഐ.പി.സി 34 - ഒന്നിലേറെപ്പേർ ചേർന്നു കുറ്റം ചെയ്യൽ: മുഖ്യ കുറ്റത്തിനുള്ള അതേ ശിക്ഷ

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമത്തിലെ സെക്ഷൻ 3 (2)(v) : പട്ടികജാതി വിഭാഗത്തിലുൾപ്പെട്ട വ്യക്തിയെ ഈ വിഭാഗത്തിലുൾപ്പെടാത്ത വ്യക്തികൾ അറിഞ്ഞുകൊണ്ട് ആക്രമിക്കൽ : പത്തു വർഷമോ അതിലധികമോ തടവു ശിക്ഷ ലഭിക്കാം.