mazha
മഴയിൽ മുങ്ങിയ മണ്ണൂർ

കോലഞ്ചേരി: റോഡ് നിർമ്മാണം പാതിവഴിയിലായതിന്റെ ദുരന്തമനുഭവിക്കുകയാണ് മണ്ണൂരിലെ വ്യാപാരികൾ. ഇവിടെ മഴപെയ്താൽ റോഡ്മുങ്ങി വെള്ളം കടകളിൽ കയറുന്നു. കഴിഞ്ഞദിവസംപെയ്ത കനത്തമഴയിൽ മണ്ണൂർ പടിഞ്ഞാറെ കവലയിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളംകയറി. മണ്ണൂർ പോഞ്ഞാശേരിറോഡ് നിർമ്മാണമാണ് മണ്ണൂരിൽ മുടങ്ങിക്കിടക്കുന്നത്. ഓടയുടെ നിർമ്മാണം വൈകുന്നതിനാൽ മഴ കനക്കുമ്പോൾ വെള്ളം റോഡ് മുങ്ങി കടയിലേക്ക് കയറുകയാണ്. നിരവധി തവണ കിഫ്ബി, കെ.ആർ.എഫ്.ബി അധികാരികളോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. കാലവർഷം ആരംഭിക്കുന്ന ജൂണിന് മുമ്പ് ഓടയുടെയും കലുങ്കിന്റെയും പണി പൂർത്തീകരിച്ചിലെങ്കിൽ വ്യാപാരികൾക്കും സ്‌കൂൾ വിദ്യാർത്ഥികളും ഒരേ പോലെ ദുരിതമനുഭവിക്കേണ്ടിവരും. അടിയന്തരമായി ഓട നിർമ്മാണം ആരംഭിക്കണമെന്നാണ് ആവശ്യം.