കൊച്ചി: പരിസ്ഥിതിമലിനീകരണത്തിന്റെ പേരിൽ അറവുശാല കലൂരിൽ നിന്ന് മാറ്റാനുള്ള നീക്കം ശക്തം. കൊച്ചി കോർപ്പറേഷന്റെ ഏക അറവുശാലയാണ് ഇവിടെയുള്ളത്. കരാർ കാലാവധി കഴിഞ്ഞതോടെയാണ് കലൂർ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന അറവുശാല കഴിഞ്ഞ തിങ്കളാഴ്ച അടച്ചത്. ബദൽ സംവിധാനം ഏർപ്പെടുത്തുന്നതു വരെ പ്രത്യേക ഫീസ് ഈടാക്കി നിലവിലുള്ള കരാറുകാരന് പ്രവർത്തനാനുമതി നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഴിഞ്ഞ 40 വർഷത്തോളമായി
അറവുശാല പ്രവർത്തിക്കുന്നത്.
14 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇവിടെ ആധുനിക അറവുശാല നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ . കഴിഞ്ഞ യു.ഡി. എഫ് സമിതി പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഡി. പി. ആറും തയ്യാറായി . അതിനിടെയാണ് അറവുശാല ബ്രഹ്മപുരം ഉൾപ്പെടെ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം അറവുശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കലൂരിലെ സ്വകാര്യ ആശുപത്രി അധികൃതരാണെന്ന് പ്രചാരണമുണ്ട്. ഏതു വിധേനയും അറവുശാല മാറ്റുകയെന്ന ലക്ഷ്യത്തോടെ ആശുപത്രി അധികൃതർ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
നഗരത്തിന് നാണക്കേട്
അറവു രക്തം തേവര പേരണ്ടൂർ കനാലിലേക്ക് ഒഴുകുന്നതായി എല്ലാ കാലത്തും പരാതിയുണ്ട്. ഇതിന്റെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡ് പലവട്ടം നോട്ടീസ് നൽകി. മെട്രോ സ്റ്റേഷൻ, കലൂർ ബസ്‌സ്റ്റാൻഡ്, ആശുപത്രി, കാൻസർ സെന്റർ ഇതിന്റെയൊക്കെ നടുവിലാണ് അറവുശാലയുടെ പ്രവർത്തനം. നഗരത്തിന്റെ വികസനത്തിൽ നിർണ്ണായകമായ പ്രാധാന്യമുള്ള കലൂരിൽ പുതിയ അറവുശാല നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് കോർപ്പറേഷൻ പിൻമാറണം. കിഫ്‌ബിയിൽ നിന്നുള്ള പണം ഉപയോഗിച്ച് അനുയോജ്യമായ സ്ഥലം വാങ്ങണം
എം.ജി. അരിസ്റ്റോട്ടിൽ
യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി
പ്രതിസന്ധി പരിഹരിക്കും
മട്ടാഞ്ചേരിയിലെ മരക്കടവിൽ കോർപ്പറേഷന് കീഴിലുണ്ടായിരുന്ന അറവുശാല അടച്ചുപൂട്ടിയത് യു.ഡി.എഫിന്റെ കാലത്താണ്. ഇവിടെ പുതിയ അറവുശാല പണിയുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. നടത്തിപ്പുകാരുടെ പിടിപ്പുകേട് മൂലമാണ് കലൂരിലെ അറവുശാല അടച്ചുപൂട്ടേണ്ടിവന്നത്. പ്രതിസന്ധി ഉടൻ പരിഹരിക്കും
എം. അനിൽകുമാർ, മേയർ
ബദൽ സ്ഥലം കിട്ടാനില്ല
കലൂരിൽ നിന്ന് അറവുശാല മാറ്റുന്ന കാര്യം പരിഗണനയിലില്ല. ബദൽ സ്ഥലം ലഭിക്കാൻ പ്രയാസമാണ്. മാത്രമല്ല നഗരത്തിൽ അറവുശാല കൂടിയേ തീരൂ
ടി.കെ. അഷ്റഫ്
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ