
ജ്യൂസുകൾക്കും വില കൂടി
കൊച്ചി: വേനൽ കനത്തതോടെ പഴക്കച്ചവടത്തിനും ജ്യൂസ്, കരിക്ക് കച്ചവടങ്ങൾക്കും നല്ലകാലം. പക്ഷേ, ഇവയുടെയെല്ലാം വില വേനൽച്ചൂട് കൂടുംപോലെ കൂടി. റംസാൻ നോമ്പുകാലമെത്തിയതും പഴ വില വർദ്ധനവിനു കാരണമായി. പഴക്കടകളിലും ജ്യൂസ് കടകളിലും കരിക്ക് വിൽക്കുന്നിടത്തുമെല്ലാം നല്ല തിരക്കാണ്. പഴങ്ങൾക്കെല്ലാം വൻതോതിൽ വിലകൂടിയെന്നും ഇതിനാലാണ് ജ്യൂസുകളുടെയും മറ്റും വില വർദ്ധിപ്പിച്ചതെന്നുമാണ് ന്യായീകരണം.
ഇന്ധന വിലവർദ്ധനവും തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ചുമട്ട് കൂലി വർദ്ധിച്ചതുമെല്ലാമാണ് പഴവില വർദ്ധിക്കാൻ കാരണമെന്ന് പഴക്കച്ചവടക്കാരും പറയുന്നു. ഞാലിപ്പൂവൻ പഴത്തിന് ഒരുമാസത്തിനിടെ കിലോയ്ക്ക് 20രൂപയാണ് കൂടിയത്. 80രൂപയാണ് ഇപ്പോൾ വില. പാളേങ്കൊടനും 10രൂപയോളം കൂടി. 58രൂപയാണ് ഇപ്പോൾ വില.
തണ്ണിമത്തൻ ജ്യൂസിന് ഒരു വർഷം മുൻപ് 10-15രൂപയായിരുന്നു വില. ഇപ്പോൾ 25വരെയെത്തി. സോഡാ നാരങ്ങാവെള്ളം 15ൽ നിന്ന് 22 രൂപയിലേക്ക് ഉയർന്നു.
പഴങ്ങളുടെ വില
(ബ്രായ്ക്കറ്റിൽ ആറുമാസം മുൻപത്തെ വില)
ആപ്പിൾ- 180-220 (140-160)
ഓറഞ്ച്- 75-80 (60)
കറുത്ത മുന്തിരി- 80-85 (70-75)
പച്ച മുന്തിരി- 80 (65-70)
മാമ്പഴം- 70-180 (60-150)
(മാമ്പഴം ഇനമനുസരിച്ച് വില മാറും)
മൊസംബി- 65-70 (55-60)
പപ്പായ- 80-100 (65-80)
പീച്ച്- 230 (200)
തണ്ണിമത്തൻ- 25 (18)
മാതളനാരങ്ങ- 140-160 (120)
ചെറി- 500-600 (450-500)
നെല്ലിക്ക- 220 (180-200)
ജ്യൂസ് വില
(ബ്രായ്ക്കറ്റിൽ ഒരു വർഷം മുൻപത്തെ വില)
പൈനാപ്പിൾ- 60 (45)
മുന്തിരി- 65 (55)
പപ്പായ- 60 (50)
ഓറഞ്ച്- 70 (60)
മുസംബി-60 (50)
മിക്‌സ്ഡ് ഫ്രൂട്ട്- 70 (50)
ആപ്പിൾ- 75 (65)
കിവി- 75 (65)
വെള്ളരിക്ക- 45 (40)
നെല്ലിക്കയും കുക്കുമ്പറും- 70 (60)
കാരറ്റ്- 80 (65)
*ചേരുവകൾക്ക് അനുസരിച്ച് വിലയിൽ നേരിയ വ്യത്യാസമുണ്ടാകും.
ജ്യൂസിന്റെയൊക്കെ വില കൂടിയതിനാൽ കുടിക്കുന്നത് കുറവാണ്. വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരികയാണ് ചെയ്യുന്നത്.
ജയേഷ്
ഓട്ടോ ഡ്രൈവർ
തമിഴ്‌നാട്ടിൽ നിന്നാണ് പഴങ്ങൾ കൊണ്ടുവരുന്നത്. അവിടെയും വില വർദ്ധിപ്പിച്ചു.
മുരുകൻ
പഴക്കച്ചവടക്കാരൻ
തമ്മനം