കൊച്ചി: നിയമ വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്ത് ശശിധരനെ (24) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി കളമശേരി നുവാൽസിലെ വിദ്യാർത്ഥിനിക്കാണ് മോശം അനുഭവം നേരിട്ടത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കൂട്ടുകാരിക്കൊപ്പം നുവാൽസിലെ സെക്യുരിറ്റി കാബിനിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. കൂട്ടുകാരി കാബിനിലേക്ക് കയറിയസമയം നുവാൽസിനകത്തുള്ള എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ അജിത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ എസ്.എച്ച്.ഒ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.