water-sup-office
പുത്തൻവേലിക്കരയിലെ കൂടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ആലുവ ജലഅതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് ആലുവ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനപ്രതിനിധികളാണ് ഉപരോധിച്ചത്. കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ ജലഅതോറിറ്റിയുടെ സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തണമെന്നും നിർമ്മാണം പൂർത്തീകരിച്ച വാട്ടർടാങ്കിലേക്ക് വൈദ്യുതി ലഭ്യമാക്കി കുടിവെള്ളം എത്രയുംവേഗം പമ്പുചെയ്യണമെന്നും പുത്തൻവേലിക്കര പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. തുടർനടപടി​ ഇല്ലാത്തതിനെ തുടർന്നാണ് സമരംനടത്തിയത്. പ്രശ്നങ്ങൾ ഉടനെ പരിഹരിക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.