
കളമശേരി: വിഷുക്കൈനീട്ടം തപാലിലൂടെ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്. വിഷു കൈനീട്ടം നൽകാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പേരും വിലാസവും പണവും നൽകിയാൽ സ്ഥലത്തെ പോസ്റ്റ്മാൻ മുഖേന ആകർഷകമായ കവറിൽ ആ വ്യക്തിക്ക് എത്തിച്ച് നൽകും. 100, 200, 500, 1000 എന്നീ തുകകളായി വിഷു കൈനീട്ടം എത്തിക്കുന്നതിനുള്ള സൗകര്യം ഏപ്രിൽ 10 വരെയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് ഇങ്ങോട്ടും ഇവിടെനിന്ന് സംസ്ഥാനത്തിന് പുറത്തേക്കും വിഷുക്കൈനീട്ടം അയയ്ക്കാം. ഈ വർഷം പദ്ധതി വിജയകരമാവുകയാണെങ്കിൽ തുടർ വർഷങ്ങളിലും നടപ്പാക്കുമെന്ന് പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് അസിസ്റ്റന്റ് ഡയറക്ടർ രവീന്ദ്രനാഥ് പറഞ്ഞു. കുസാറ്റിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ടുമെന്റ് തലവൻ കൂടിയായ ഡോ.കെ.ശിവപ്രസാദ് പ്രത്യേക താത്പപര്യമെടുത്ത് പ്രധാനമന്ത്രി, കേന്ദ്ര തപാൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ശ്രദ്ധയിൽ വിഷുകൈനീട്ടം തപാലിലൂടെ എന്ന ആശയം അവതരിപ്പിക്കുകയും തുടർന്ന് തപാൽ വകുപ്പ് അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് " വിഷു കൈനീട്ടം 2022 ' പദ്ധതി തുടങ്ങാൻ കാരണമായത്.