
കൊച്ചി: ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചന കേസിൽ ദുബായിൽ താമസിക്കുന്ന നായിക നടിയെ ഉടൻ ചോദ്യം ചെയ്യുമെന്നറിയുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്രുകളിൽ ഒന്ന് ഇവരുമായുള്ളതാണ്. ദുബായിൽ താമസിക്കുന്ന ഇവരിൽ നിന്ന് ചാറ്റ് നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. ഓൺലൈൻ വഴിയായിരിക്കും ചോദ്യം ചെയ്യൽ. നീക്കം ചെയ്ത ചാറ്റുകളിലുൾപ്പെട്ട മറ്റുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. തിരുവനന്തപുരം സ്വദേശിനികളായ, സിനിമാ-സീരിയൽ രംഗത്തെ രണ്ടു പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ ക്രൈംബ്രാഞ്ച് സമീപിക്കും. ദുബായിൽ വ്യാപാരിയും ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒയുമായ ഗലാഫി, ദിലീപിന്റെ ഉടമസ്ഥതയിൽ ദുബായിലുള്ള 'ദേ പുട്ടി'ന്റെ പങ്കാളിയും ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്നയാളുമായ മലപ്പുറം സ്വദേശി ജാഫർ, ദുബായിൽ സാമൂഹ്യ സേവനം നടത്തുന്ന തൃശൂർ വാടാനപ്പള്ളിയിലെ നസീർ എന്നിവരുൾപ്പെടെ 12 പേരുടെ നമ്പറുകളിലേക്കുള്ള സന്ദേശങ്ങളും ഫോൺ വിളികളുമാണ് ഇല്ലാതാക്കിയത്.
മാദ്ധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ഹർജി മാറ്റി
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ കേസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലാണ് ഹർജി. വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു വിലക്കി കോടതി ഉത്തരവിറക്കിയെങ്കിലും മാദ്ധ്യമങ്ങൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.
പകർപ്പ് മാദ്ധ്യമങ്ങൾക്ക്: അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം
നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷയുടെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് നേരിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 12ന് ഹാജരാകാനാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതിയുടെ നിർദ്ദേശം. നടൻ ദിലീപിന്റെ ഫോൺ പരിശോധിച്ചപ്പോൾ ചില നിർണ്ണായക കോടതി രേഖകൾ കണ്ടെത്തിയെന്നും ഇതു ചോർന്നതു കണ്ടെത്താൻ ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബൈജു പൗലോസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയൊപ്പോടുകൂടിയ അപേക്ഷയുടെ പകർപ്പ് ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടർന്നാണ് കോടതി വിശദീകരണം തേടിയത്.
ക്രൈംബ്രാഞ്ചിന്റെ ഭീഷണിയെന്ന് സായ് ശങ്കർ, ഒാഡിയോ കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതികാര നടപടിയുടെ ഭാഗമായി തനിക്കെതിരെ കേസുകൾ ചുമത്തുകയാണെന്നും സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ ഹൈക്കോടതിയിൽ ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജികളിലാണ് ഈ ആരോപണം. ഇതോടൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ നായരുടെ ഫോൺ സംഭാഷണം റെക്കാഡ് ചെയ്തത് ഹൈക്കോടതിയിൽ സമർപ്പിച്ചു. ചോദ്യംചെയ്യലിന് നോട്ടീസ് ലഭിച്ച മറ്റൊരു സാക്ഷി അഖിലിനെ ഫോണിൽ വിളിച്ചതിന്റെ ഒാഡിയോ ക്ളിപ്പാണ് ഹാജരാക്കിയിട്ടുള്ളത്.
ഒാഡിയോ ക്ളിപ്പിൽ നിന്ന് ഒരു ഭാഗം
"എന്റെ പൊന്നാര മോനേ, ഒരു കാര്യമന്വേഷിക്കാൻ ഒന്നു വിളിപ്പിച്ചതിനാണ് അവൻ ഹൈക്കോടതിയിൽ പോയി പൊലീസ് ഹരാസ്മെന്റിന് പരാതി നൽകിയത്. അപ്പൊ പിന്നെ എന്താണ് ഹരാസ്മെന്റ് എന്നു കാണിച്ചല്ലേ പറ്റൂ. കഴിയുമെങ്കിൽ ഇതു റെക്കാഡ് ചെയ്തു കേൾപ്പിച്ചു കൊടുക്ക്. അവൻ വരേണ്ടെന്ന് പറഞ്ഞേക്ക്. ഓരോ മണിക്കൂറിലും ഓരോ കേസ് വന്നോണ്ടിരിക്കുകയാണ്...""
സായ് ഒളിവിൽ തന്നെ
കേസിലെ ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനായില്ല. ദിലീപിന്റെ നിർദ്ദേശപ്രകാരം ഇയാളാണ് രണ്ട് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തത്. അറിഞ്ഞുകൊണ്ട് കുറ്രകൃത്യത്തിൽ പങ്കാളിയായെന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സായിയെ പ്രതി ചേർത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്.
സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ മാറ്റി
ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നശിപ്പിക്കാൻ ദിലീപിനെ സഹായിച്ച സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ തനിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസുകളിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജികൾ ഹൈക്കോടതി ഏപ്രിൽ 12നു പരിഗണിക്കാൻ മാറ്റി. എറണാകുളം വാഴക്കാല സ്വദേശി അസ്ലമിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലും ഇലക്ട്രോണിക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി എം.കെ. മിൻഹാജിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലുമാണിത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.