കാലടി: കഴിഞ്ഞദിവസം വീശീയിടിച്ച കനത്ത കാറ്റിൽ മലയാറ്റൂർ - നീലീശ്വരം ഭാഗങ്ങളിൽ വൻ കൃഷിനാശം. വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞതിനാൽ വൈദ്യുതിവിതരണം പലയിടത്തും തടസപ്പെട്ടു. വാഴ, ജാതി, കപ്പ എന്നിവയും നശിച്ചു. മുക്രാപ്പിള്ളി ടെസി, പണിക്കശേരി ആന്റണി, പറപ്പിള്ളി നൈജോ, പള്ളിക്ക ചാക്കപ്പന്റെ ആയിരംകടകപ്പ, ഒരേക്കർ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്തിരുന്ന കുലച്ച 650ലേറെ ഏത്തവാഴകൾ എന്നിവ പൂർണമായും നശിച്ചു. പറപ്പിള്ളി പി.പി. പൗലോസിന്റെ നൂറ്റിമുപ്പത് വാഴയും പുതുശേരി ടി.ഡി. ജോസിന്റെ നൂറ് വാഴകളും , പറപ്പിള്ളി പി.പി. തോമസിന്റെ 200 വാഴകളും കാറ്റത്ത് ഒടിഞ്ഞുവീണു.
സഹകരണബാങ്കിൽനിന്ന് കടമെടുത്താണ് പലരും കൃഷിയിറക്കിയിട്ടുള്ളത്. കുലച്ച വാഴകളും കായ്ഫലമുള്ള ജാതിമരങ്ങളും പലേടത്തും നിലംപൊത്തി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടം കണക്കിലെടുത്ത് സർക്കാർ അടിയന്തിര സഹായം കർഷകർക്ക് അനുവദിക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ ആവശ്യപ്പെട്ടു.