
കൊച്ചി: ജില്ലയിലെമ്പാടും ഇന്നലെയും ശക്തമായ കാറ്റും മഴയും. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അടിയന്തരസാഹചര്യം നേരിടാൻ ഒരുക്കങ്ങൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രവിപുരത്ത് പരസ്യബോർഡ് കാറ്റിൽ റോഡിലേക്ക് നിലംപൊത്തി. വളഞ്ഞമ്പലത്ത് മരം റോഡിലേക്ക് കടപുഴകി ഗതാഗത തടസമുണ്ടായി. രണ്ടിടത്തും ക്ലബ് റോഡ് ഫയർഫോഴ്സ് യൂണിറ്റെത്തി തടസങ്ങൾ നീക്കി.ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും 13.81കോടിയുടെ കൃഷി നാശം. 287.150 ഹെക്ടർ കൃഷി നശിച്ചു.
ജാഗ്രതയോടെ ജില്ല
ശക്തമായ കാറ്റിനെയും മഴ നേരിടാൻ ജില്ലാഭരണകൂടം ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാദ്ധ്യതയുണ്ട്. അപകടം ശ്രദ്ധയിൽ പെട്ടാൽ 1912,1077എന്നീ നമ്പറുകളിൽ അറിയിക്കണം
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം
നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിറുത്തിവയ്ക്കണം
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ അവ ബലപ്പെടുത്തണം
കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണം.
ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് ഘട്ടങ്ങളിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
നാശനഷ്ടം മേഖലതിരിച്ച്
(സ്ഥലം, ഹെക്ടർ, തുക എന്ന കണക്കിൽ)
പെരുമ്പാവൂർ- 114.600- 6,74,01500
(വാഴ കൃഷിക്കാണ് കൂടുതൽ നാശനഷ്ടം)
നെടുമ്പാശേരി- 96.65- 3,76,58800
(നെടുമ്പാശേരി, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ)
അങ്കമാലി- 75.9- 3,31,00500
(ജാതി, വാഴ കൃഷികൾക്കാണ് കൂടുതൽ നാശം)