
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിവിട്ട് എങ്ങോട്ടേയ്ക്കമില്ല. തട്ടകം കൊച്ചി ജവർലാൽ നെഹ്‌റു സ്റ്റേഡിയമായി തുടരും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജും തമ്മിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനത്തിലെത്തി. നേരത്തെ കോഴിക്കോടേക്ക് ഹോം ഗ്രൗണ്ട് മാറ്റുന്നതുൾപ്പെടെയുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നെങ്കിലും ജി.സി.ഡി.എയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന് തിരശീല വീണിരുന്നില്ല. ഓരോ സീസണിലും അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ഐ.എസ്.എൽ സീസൺ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഗോവയിലേക്ക് മാറ്റിയിരുന്നു. ഒക്ടോബറിലാണ് ഐ.എസ്.എൽ ഒമ്പതാം സീസണ് തുടക്കമാകുന്നത്. ഇത്തവണ മേൽക്കൂര ഇല്ലാത്ത സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. പുതിയ മേൽക്കൂര സ്ഥാപിക്കാൻ പഴയ മേൽക്കൂര മാറ്റുന്നതിനാലാണിത്.
കിക്കോഫ് കൊച്ചിയിൽ
അടുത്ത സീസണിൽ ഉദ്ഘാടന മത്സരം കൊച്ചിയിലായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ്. ജി.സി.ഡി.എ ചെയർമാനുമായി ധാരണയിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അവകാശവാദം. മത്സരക്രമമുൾപ്പെടെ തീരുമാനിക്കുന്നത് ഐ.എസ്.എല്ലാണ്. അടുത്ത സീസണെക്കുറിച്ച് ഒരു സൂചനപോലും ഐ.എസ്.എൽ നൽകിയിട്ടില്ല. അതേസമയം, ആഗസ്റ്റിൽ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചയിൽ പരിശീലന മത്സരങ്ങൾ ആരംഭിക്കും.