വൈപ്പിൻ : കർത്തേടം സർവീസ് സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ ഭരണസമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മുൻ ഭരണസമിതി നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മുൻ ഭരണസമിതി പ്രസിഡന്റ് കെ. എൽ. ദിലീപ്കുമാറും മുൻഭരണസമിതി അംഗങ്ങളും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

2021 ആഗസ്ത് 18നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ജോയിന്റ് രജിസ്ട്രാറുടെ നടപടിയുടെ ഭാഗമായി നടന്ന ആദ്യ അനേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഉത്തരവാദികളായവരിൽ നിന്ന് ബാങ്കിനുണ്ടായ നഷ്ടം ഈടാക്കാനും മറ്റും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരിശോധന നടന്നുവരികയാണ്.