മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അർബൻ ബാങ്ക് നടപടി വിവാദമായതിന് പിന്നാലെ ബാങ്ക് സി.ഇ.ഒ ജോസ് കെ. പീറ്റർ രാജിവച്ചു. രാജി അംഗീകരിച്ചതായി ബാങ്ക് ചെയർമാർ ഗോപി കോട്ടമുറിക്കൽ അറിയിച്ചു.
ഒരുവർഷത്തെ സർവീസ് കാലാവധി ബാക്കിനിൽക്കെയാണ് രാജി. ജപ്തിയിൽ ഉത്തരവാദിത്വമില്ലാതിരുന്നിട്ടും തന്നെ ബലിയാടാക്കിയതാണ് രാജിക്ക് കാരണമെന്ന് ജോസ് പറഞ്ഞു. ജപ്തി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സഹകരണമന്ത്രി നിർദ്ദേശിച്ചിരുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പായിപ്ര വലിയപറമ്പിൽ വി.എ. അജേഷിന്റെ വീടാണ് ശനിയാഴ്ച ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും എറണാകുളത്ത് ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു നടപടി. മാത്യു കുഴൽനാടൻ എം.എൽ.എ വീടിന്റെ താഴ് തകർത്താണ് അജേഷിന്റെ സ്കൂൾ വിദ്യാർത്ഥികളായ മക്കളെ വീട്ടിൽ പ്രവേശിപ്പിച്ചത്. വായ്പ അടച്ചുതീർക്കാൻ തയ്യാറാണെന്ന് എം.എൽ.എ കഴിഞ്ഞ ദിവസം ബാങ്ക് സി.ഇ.ഒയ്ക്ക് കത്ത് നൽകിയിരുന്നു.