അങ്കമാലി: ശക്തമായ കാറ്റിൽ അങ്കമാലി മേഖലയിൽ 42 വീടുകൾക്ക് നാശം. ആറ് വീടുകൾ പൂർണമായി നശിച്ചു. ചാക്കരപറമ്പ്, പീച്ചാനിക്കാട്, ചമ്പന്നൂർ, സെന്റ് ജോസഫ് സ്‌കൂൾ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകൾ തകർന്നത്. കൂടുതൽ വീടുകളും മരം വീണാണ് തകർന്നത്. ഏതാനും വീടുകളുടെ മേൽക്കൂര കാറ്റത്ത് തകർന്നു. പല വീടുകളുടെയും ഓട് പറന്നുപോയി. അങ്കമാലിയിൽ അയ്യായിരത്തോളം ജാതിയും മൂവായിരത്തോളം വാഴയും അഞ്ഞൂറോളം റബറും നശിച്ചു. ചമ്പന്നൂർ ഭാഗത്താണ് കൂടുതൽ

കൃഷിനാശം. പ്ലാവ്, തേക്ക്, കുരുമുളക്, കപ്പ, തെങ്ങ് എന്നിവയും നശിച്ചിട്ടുണ്ട്.

അങ്കമാലി മേഖലയിൽ 3,31,00,500 രൂപയുടെ കൃഷിനാശമുണ്ടായതായി കണക്കാക്കുന്നു. അങ്കമാലി നഗരസഭ, കാലടി, കാഞ്ഞൂർ, കറുകുറ്റി, മഞ്ഞപ്ര കൃഷിഭവനുകളിലായാണിത്. 75.9 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. ജാതിയും വാഴയുമാണ് കൂടുതൽ

നശിച്ചിരിക്കുന്നത്. കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.