കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായിരുന്ന ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), സി.പി.എം പ്രവർത്തകരായ ചേലക്കുളം പറാട്ട് വീട്ടിൽ സൈനുദ്ദീൻ (27), നെടുങ്ങാടൻ വീട്ടിൽ ബഷീർ (38), വില്യപറമ്പിൽ അസീസ് (45) എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം നൽകിയിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കുന്നത്തുനാട് എം.എൽ.എയ്‌ക്കെതിരായ വിളക്കണയ്ക്കൽ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്നുള്ള രാഷ്ട്രീയ വൈരാഗ്യത്താൽ പ്രതികൾ ദീപുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.