rain
കാറ്റിൽ കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു വീണ നെടുമ്പാശേരി തുരുത്തിശേരി പാട്ട ഭൂമിയിലെ കൃഷിയിടത്തിൽ കർഷകൻ എം ജി ശ്രീകുമാർ.

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിൽ വൃക്ഷങ്ങൾ വീണ് 35 ഓളം വീടുകൾ ഭാഗിമായി തകരുകയും 12 വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഏക്കറുകണക്കിന് പ്രദേശത്തെ ആയിരക്കണക്കിന് ഏത്തവാഴയും നൂറുകണക്കിന് ജാതിമരവും നശിച്ചു. തുരുത്തിശേരിയിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന മേയ്ക്കാട് മാളിയേക്കൽ എം ജി ശ്രീകുമാറിന്റെ 1500 ഓളം കുലച്ചഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മേയ്ക്കാട് ജ്യോതി നഗറിൽ മീത്തിപ്പറമ്പിൽ സജിയുടെ വീട് മരം വീണ് വാസയോഗ്യമല്ലാതായി. ഹരിത നഗറിൽ കെ.കെ. മുരളിയുടെ വീടിന് സമീപത്തെ പറമ്പിലെ മരം വീണ് നാശനഷ്ടമുണ്ടായി.

ചമ്പന്നൂർ കവലയ്ക്ക് സമീപം എം.കെ. ജയന്റെ വീടിന്റെ മുകളിലെ ഷീറ്റുപറന്ന് തൊട്ടടുത്ത അയ്യായിരത്ത് ഗിരിജാക്ഷന്റെ വീടിന് മുകളിൽ പതിച്ചു. ഇരുവീടുകൾക്കും നാശനഷ്ടമുണ്ടായി.പാറയിൽ കിലുക്കൻ മേയ്ക്കാട് ആനപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് മരം വീണ് ഓട്ടോറിക്ഷ പൂർണമായി തകർന്നു. മള്ളുശേരി, പറമ്പുശേരി പ്രദേശത്ത് ജാതി, വാഴക്കൃഷികൾ വ്യാപകമായി നശിച്ചു. മേയ്ക്കാട്, പൊയ്ക്കാട്ടുശേരി പ്രദോശങ്ങളിൽ ഇനിയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചില്ല. ഈ മേഖലയിൽ ഇന്നലെ വൈകിട്ടും കനത്തമഴ തുടരുകയാണ്. സഹായത്തിന് ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു.