മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ജനകീയപ്രശ്നങ്ങളിൽ ശാശ്വത പരിഹാരമൊരുക്കാൻ മഹാപഞ്ചായത്തുകൾ നടത്തി ജനങ്ങളിൽനിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കാൻ സൗകര്യമൊരുക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് ശനിയാഴ്ച ആദ്യ മഹാപഞ്ചായത്ത് നടക്കുന്നത്. മൂന്നു മാസത്തിലൊരിക്കൽ മുൻകൂട്ടി തീരുമാനിച്ച തിയതികളിൽ പഞ്ചായത്തുകൾതോറും മഹാപഞ്ചായത്തും ആവശ്യമെങ്കിൽ തുടർപഞ്ചായത്തും നടത്തും. മഹാപഞ്ചായത്ത് പരിപാടിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ശനിയാഴ്ച ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിക്കും.
മണ്ഡലത്തിലെ ഒാരോ പഞ്ചായത്തുകൾക്കും പ്രത്യേകം മുറികളിലായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ 12 മുറികളിലേക്ക് വേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതാത് പഞ്ചായത്തുകളിലെ പരാതികൾ രജിസ്റ്റർചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടാകും. താലൂക്ക് തലത്തിൽ തീർപ്പാക്കാൻ കഴിയാവുന്ന പരാതികളിൽ ഉടനെ തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ബാക്കിയുള്ള പരാതികളിൽനിന്ന് എം.എൽ.എ നേരിട്ടിടപെട്ട് ഉദ്യോഗസ്ഥതലത്തിൽ തുടർതീരുമാനങ്ങൾ ഉണ്ടാക്കും. ഇത്തരം പരാതികളുടെ തുടർ നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ ഓഫീസ് നേരിട്ട് ഇടപെടും.
മഹാപഞ്ചായത്ത് കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മേധാവികളുടെ സാന്നിദ്ധ്യംകൂടി ഉറപ്പുവരുത്തും. അതാത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും അതാത് കൗണ്ടറുകളിൽ സേവനം നൽകും. നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കു സർക്കാരുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ ലഭിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഔദ്യോഗിക ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.