പള്ളുരുത്തി: ഇടക്കൊച്ചിയിലെ ഗോഡൗണിൽ നിന്ന് 70 ചാക്ക് റേഷൻ ധാന്യങ്ങൾ കൂടി പിടികൂടി. മട്ടാഞ്ചേരി അസി.പൊലിസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഏതാനും ദിവസമായി നടന്നുവരുന്ന പരിശോധനയിലാണ് 3500 കിലോയോളം തൂക്കം വരുന്ന ഭക്ഷ്യ ധാന്യങ്ങൾ പിടി കൂടിയത്. സിറ്റി റേഷനിംഗ് ഓഫിസർ ബൽരാജിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. 35 ചാക്ക് കുത്തരി, 14 ചാക്ക് പുഴുക്കലരി, 21 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ചുള്ളിക്കൽ പി.സി. അഗസ്റ്റിൻ റോഡിലെ സംഭരണ കേന്ദ്രത്തിൽ നിന്ന് റേഷൻ ഭക്ഷ്യ ധാന്യങ്ങൾ കടത്തുന്നതിനിടെ പൊലിസ് പിടികൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇടക്കൊച്ചിയിലെ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായവർ റിമാൻഡിലാണ്. കപ്പലണ്ടിമുക്ക് എ.ആർ.ഡി 65 നമ്പർ റേഷൻ കടയിൽ നിന്ന് കടത്താൻ ശ്രമിച്ച റേഷൻ ധാന്യമാണ് ആദ്യം പൊലീസ് പിടികൂടിയത്. പിന്നീട് തുടർപരിശോധനകൾ നടന്നുവരികയായിരുന്നു.