മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തിന്റെ 2020 - 21 വാർഷിക പദ്ധതിയിൽനിന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിന് ഇരുപത് ഡെഡ്കും ബെഞ്ചും നൽകി. സ്കൂളിലെ പഠന പഠനേതര പ്രവർത്തനങ്ങളിലെ മികവുകൾകൂടി കണക്കിലെടുത്താണ് ഇത് നൽകിയത്. കഴിഞ്ഞവർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് ഉൾപ്പെടെ ഇരുപതിലേറെ അംഗീകാരങ്ങളാണ് സ്കൂൾ നേടിയെടുത്തത്. ഫുൾ എ പ്ലസ് ഉൾപ്പെടെ തുടർച്ചയായി എസ്.എസ്.എൽ.സിക്ക് പതിനാല് തവണ നൂറ് ശതമാനം വിജയം നേടി.
സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം, ടോയ് ലെറ്റ് കോംപ്ലക്സുകൾ, പെയിന്റിംഗ്, വയറിംഗ്, ലാബ് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായി നാൽപത്തി രണ്ട് ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്. പൊതു പരീക്ഷ തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകിയതാണിതെന്ന് ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം പറഞ്ഞു. സ്കൂളിലെ പൂർവ വിദ്യാർത്ഥിനി കൂടിയായ ഷാന്റി എബ്രഹാമിന് പി.ടി.എയുടെയും സ്കൂളിന്റെയും സ്നേഹോപഹാരവും നൽകി. ബഞ്ചും ഡെസ്കും പ്രിൻസിപ്പൽ റനിത ഗോവിന്ദും പി.ടി..എ പ്രസിഡന്റ് സിനിജ സനിലും ഏറ്റുവാങ്ങി. മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ, ഹെഡ്മാസ്റ്റർ എ.എ. അജയൻ, സമീർ സിദ്ദീഖി, മദർ പി.ടി.എ ചെയർപേഴ്സൺ ഷർജ സുധീർ, സ്റ്റാഫ് സെക്രട്ടറി ഇ.ആർ. വിനോദ്, ഡോ. അബിത രാചന്ദ്രൻ, റോണി മാത്യു, ജിസ ജോൺ, ടി. പൗലോസ്, കൃഷ്ണപ്രിയ, ജി. ശ്രീകല, സൗമ്യ, എ.കെ. സുധിമോൻ തുടങ്ങിയവർ പങ്കെടുത്തു.