ഞാറക്കൽ: റോറോ സേതുസാഗർ 2 അറ്റകുറ്റപ്പണി നടത്താതെ രണ്ടുമാസമായി കെട്ടിയിട്ടിരിക്കുന്നതിനെതിരെ ജലശയനം നടത്തി പ്രതിഷേധം. വൈപ്പിൻ ഫോർട്ട് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ വൈപ്പിൻ ജെട്ടിയിലായിരുന്നു സമരം. കൺവീനർ എ ജലാൽ വേമ്പനാട് കായലിൽ കെട്ടിയിട്ടിരിക്കുന്ന റോറോയ്ക്ക് മുന്നിൽ വെള്ളത്തിൽക്കിടന്ന് മുദ്രാവാക്യം മുഴക്കി. മുൻ മേയർ കെ ജെ സോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മിണി അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ, ആം ആദ്മി ജില്ലാകൺവീനർ സാജുപോൾ, സ്‌കറിയ ഫെർണാണ്ടസ്, കൗൺസിലർ ജോർജ് നാനാട്ട്, ബേസിൽ മുക്കത്ത്, പോൾ ജെ മാമ്പിള്ളി, ജെയിംസ് തറമേൽ, മുജീബ് റഹ്മാൻ, തോമസ് ജൂഡ്, കെ.എക്‌സ്. ആന്റണി എന്നിവർ പ്രസംഗിച്ചു.