പറവൂർ: സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് അഞ്ചുപേരെ കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എൻ.എസ്. വേലായുധൻ, ജനറൽ സെക്രട്ടറി പി.കെ. കരുണാകരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ജില്ലാ സെക്രട്ടറി രാജൻ പല്ലിശേരി, കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി ടി.വി. സജീവ്കുമാർ, കണയന്നൂർ താലൂക്ക് പ്രസിഡന്റ് സതീശൻ, സെക്രട്ടറി ബിന്ദു വിശ്വനാഥ്, ഹരീഷ് മുളഞ്ചേരി എന്നിവരെയാണ് മഹാസഭയുടെ പേരിൽ വ്യാജമായി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് സ്വയം ഭാരവാഹികളായി പ്രഖ്യാപിച്ചതിന്റെ പേരിൽ പുറത്താക്കിയത്. എൻ.എസ്. വേലായുധൻ പ്രസിഡന്റും പി.കെ. കരുണാകരൻ ജനറൽ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റിക്കാണ് കൊടിയും സീലും ഉപയോഗിക്കാനുള്ള അധികാരമെന്ന് കൊടുങ്ങല്ലൂർ മുനിസിഫ് കോടതി വിധിയുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നാരായണൻ, എറണാകുളം ജില്ലാ സെക്രട്ടറി പി. സുബ്രഹ്മണ്യം, സംസ്ഥാന കമ്മിറ്റിയംഗം സി.ആർ. വേലായുധൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.