കിഴക്കമ്പലം: പണ്ടേ ദുർബല. ഇപ്പോൾ ഗർഭിണിയും എന്നുപറയുന്ന പോലെയാണ് നെല്ലാട് - പട്ടിമറ്റം റോഡിന്റെ ഇന്നത്തെ അവസ്ഥ. പതിറ്റാണ്ട് അറ്റകുറ്റപ്പണി പോലുമില്ലാതെ നാട്ടുകാർ നരകിച്ച് യാത്രചെയ്ത റോഡ് അറ്റകുറ്റപ്പണിയെന്ന പേരിൽ കുറച്ചുഭാഗം മാത്രം ടാർ ചെയ്തപ്പോൾ നാട്ടുകാർക്ക് അല്പം ആശ്വാസമായെങ്കിലും ഇപ്പോൾ അത് കൂടുതൽ ദുരിതമാവുകയാണ്. ശാസ്ത്രീയമായി നിർമ്മാണം പൂർത്തിയാക്കിയ നെല്ലാട് - പട്ടിമറ്റം റോഡാണ് രണ്ട് വേനൽമഴ പെയ്ത് തീരും മുമ്പേ ഇടിഞ്ഞുതുടങ്ങിയത്. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡ് നെല്ലാട് മഞ്ചനാട് ഭാഗത്ത് 20 മീറ്ററോളം ദൂരത്തിൽ മണ്ണിട്ട് പൊക്കിയ ഭാഗത്താണ് ഇടിഞ്ഞത്. ഒന്നരയടിയോളം താഴ്ചയിൽ മണ്ണിടഞ്ഞതോടെ ഇതുവഴിയുള്ള യാത്രയും അപകടാവസ്ഥയിലായി. റോഡ് ഇടിഞ്ഞതറിയാതെ ഇരുചക്രവാഹനങ്ങൾ സൈഡിലേക്ക് ഒതുക്കിയാൽ മറിയുമെന്ന് ഉറപ്പാണ്.
കുഴിയടക്കലോ നാളെ, നാളെ
2.10 കോടി രൂപയാണ് ഇവിടെ അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. എന്നാൽ റോഡിന്റെ ഏറ്റവും കൂടുതൽ തകർന്നുകിടന്നഭാഗം മാത്രം വെറ്റ്മിക്സ് ഉപയോഗിച്ച് പൊക്കി ടാറിംഗ് പൂർത്തിയാക്കിയിട്ട് ഒരു മാസത്തോളമായി. റോഡിന്റെ മറ്റു ഭാഗങ്ങളിലുള്ള കുഴി അതേപടി കിടക്കുകയാണ്. കുഴിയടക്കൽ ഇന്നുണ്ടാകും നാളെയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നതല്ലാതെ ഇതുവരെ അടച്ചിട്ടില്ല. ഇതും വലിയ അപകട സാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അവിടവിടെയായി ടാർചെയ്ത ഭാഗത്തോടുചേർന്ന് കുഴിയുള്ള കാര്യമറിയാതെ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും വെട്ടിച്ച് മാറ്റുകയും ചെയ്യുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിന്റെ പട്ടിമറ്റംമുതൽ കിഴക്കമ്പലം വരയുള്ള ഭാഗം അറ്റകുറ്റപ്പണിക്ക് 1.34 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. അതിനിടെ നിർമ്മാണം പൂർത്തിയായ ഭാഗം ഇടിഞ്ഞതിൽ വൻ പ്രതിഷേധത്തിലാണ് നാട്ടുകാർ. നിരവധി രാഷ്ട്രീയ സമരങ്ങൾക്ക് വേദിയായതാണ് ഈ റോഡ്. ഒടുവിൽ രാഷ്‌ട്രീയം മറന്ന് ജനങ്ങൾ ഒന്നിച്ച് നെല്ലാട് റോഡ് ഗ്രൂപ്പെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കി നിരവധി സമരങ്ങളും നടത്തിയിരുന്നു.
പൊതുമരാമത്ത് പുത്തൻകുരിശ് ഡിവിഷന്റെ കീഴിൽ ഇത്തരം നിരവധി റോഡുകളാണ് അപകടസാദ്ധ്യതയൊരുക്കി കിടക്കുന്നത്. നാട്ടുകാർ നിരവധി പരാതികൾ നേരിട്ടും അല്ലാതെയും നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ടഭാവം നടിക്കുന്നില്ല. മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമ്പോൾ അവരെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനവും ഇവർ തുടരുകയാണ്. പരാതികൾ തെറ്റാണെന്ന് സ്ഥാപിക്കാൻ തന്ത്രം മെനയുന്നതല്ലാതെ അപകടകരമല്ലാത്ത യാത്രയ്ക്കായി യാതൊന്നും ചെയ്യാൻ ഇവർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.