പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ സമരം നടത്തി. ഗോതുരുത്ത്, കോട്ടയിൽ കോവിലകം ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി നേരത്തെ നടത്തിയിരുന്ന സർവീസുകൾ നിർത്തിയതിനാൽ പ്രദേശവാസികൾ വലയുകയാണ്. സ്വകാര്യ ബസുകളും കൃത്യമായി സർവീസ് നടത്തുന്നില്ല. കൂട്ടുകാട്, വടക്കുംപുറം പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗകര്യമാകുന്ന തരത്തിൽ പുതിയ സർവീസുകൾ തുടങ്ങണമെന്നും ആവശ്യപ്പെട്ട് നടത്തിയ ഒപ്പുശേഖരണം നടത്തിയിരുന്നു. എ.ടി.ഒക്ക് ഇത് നിവേദനത്തോടൊപ്പം നൽകി. സംസ്ഥാന കമ്മിറ്റിഅംഗം എൽ. ആദർശ് ധർണ ഉദ്ഘാടനം ചെയ്തു. സി.എസ്. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ലാലൻ, വി.യു. ശ്രീജിത്ത്, ഇ.ബി. സന്തു, ബി.എ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.