മൂവാറ്റുപുഴ: നഗരം ഇനി നിരീക്ഷണ കാമറക്കണ്ണുകളിലൂടെ സഞ്ചരിക്കും. മൂവാറ്റുപുഴ നഗരത്തിൽ 5 കാമറകളാണ് പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനസജ്ജമായിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോർവാഹനവകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണകാമറകൾക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. അടുത്ത ആഴ്ചയോടെ കാമറകൾ പൂർണസജ്ജമാകും.
സംസ്ഥാനത്ത് ഇത്തരത്തിൽ 700 കാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾറൂമുകളും പ്രവർത്തനം തുടങ്ങി. കെൽട്രോണിനാണ് പദ്ധതി നിർവഹണ ചുമതല.
നിരീക്ഷണ കാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം വിശകലനംചെയ്ത് അമിതവേഗം കണ്ടെത്തും. ഓട്ടോമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന കാമറകൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതിമുടക്കം ബാധിക്കില്ല . ഹെൽമെറ്റ് ഇല്ലാതെ പോകുന്നവരും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കുടുങ്ങും. കൺട്രോൾ റൂമിലെ കമ്പ്യൂട്ടറുകളിൽ നിയമലംഘകർക്കുള്ള പിഴയുടെ ചെലാൻ ഓട്ടോമാറ്റിക്കായി തയ്യാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾവരെ ഒപ്പിയെടുക്കും.
നാല് മീറ്റർ ഉയരത്തിലുള്ള തൂണുകളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്തി സീറ്റ്ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം നൽകും.ഡ്രൈവിംഗിനിടെ മൊബൈൽഫോൺ ഉപയോഗിച്ചാലും കുടുങ്ങുമെന്ന് ഉറപ്പാണ്.
മൂവാറ്റുപുഴയുടെ പ്രധാന കേന്ദ്രങ്ങളായ പെരുമറ്റം കവല, വാഴപ്പിള്ളി ജംഗ്ഷൻ, വാളകം ജംഗ്ഷൻ, ലത സ്റ്റാൻഡ് ( പ്രൈവറ്റ് ബസ് സ്റ്റാൻഡ് , ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കാമറ കണ്ണുതുറന്നിരിക്കുന്നത്. മൂവാറ്റുപുഴയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അമിതവേഗതയിൽ ഓടുന്ന വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാമറകൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ.