sp-karthik
എറണാകുളം റേഞ്ച് തലത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലനം എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിവരശേഖരണവും വിശകലനം ചെയ്യലും എന്ന വിഷയത്തിൽ എറണാകുളം റേഞ്ച് തലത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലനം എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. അഡീ. എസ്.പി കെ. ലാൽജി. എസ്.ബി.ഐ റീജിയണൽ മാനേജർ പി.ആർ. മഞ്ജു, കൊച്ചി ഡയറക്ടർ പത്മജൻ കെ. കളിയമ്പത്ത്, ഡിവൈ.എസ്.പിമാരായ ആർ. റാഫി, വി. രാജീവ്, സക്കറിയ മാത്യു, റെജി പി. അബ്രഹാം, പി.കെ. ശിവൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണമാണ് പരിശീലനം.

ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണ്. നിരവധി പേർക്കാണ് പണം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. മയക്ക് മരുന്ന് വ്യാപാരം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പണം കൈമാറ്റംനടത്തുന്നതും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് .ഇത്തരം കേസന്വേഷണങ്ങൾ ഫലപ്രദമാക്കുന്നതിനാണ് പരിശീലനം. നാല് ദിവസത്തെ പരിശീലനത്തിൽ റേഞ്ചിനുകീഴിൽ വരുന്ന എറണാകുളം റൂറൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പങ്കടുക്കുന്നത്. ഇവർ പരിശീലനം പൂർത്തിയാക്കിയശേഷം അതാത് ജില്ലകളിൽ രജിസ്റ്റർ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ (പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവ) കേസന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും.

എസ്.ബി.ഐ എറണാകുളം അഡ്മിൻ ഓഫീസിലെ സി. നീമ, എസ്.ബി.ഐ റീജിയൺ മൂന്നിലെ ഡിനു ജോസ് ഏന്നിവർ ക്ലാസെടുത്തു. സാങ്കേതികവിദ്യകൾ അനുദിനം മാറുന്ന കാലഘട്ടത്തിൽ അതനുസരിച്ച് കുറ്റാന്വേഷണ രീതികളിലും നൂതന മാർഗങ്ങൾ അവലംബിക്കാൻ പരിശീലന പരിപാടികൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.